വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)



AM 1060 ---- SUMMARY AND ANALYSIS | 

INTRODUCING: CREEPYPASTHA |

ഭീകരത ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും. അത്തരം ഭീകര കഥകളും പൊടിപ്പും തൊങ്ങലും വച്ച് പലരും പറഞ്ഞ അവരുടെ ഹൊറർ അനുഭവങ്ങളാലും സമ്പന്നമാണ് നമ്മുടെ കുട്ടിക്കാലം. നമ്മുടെ കുട്ടിക്കാലത്തെ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം തന്നെ ആയിരുന്നു ഹൊറർ. 

നമുക്ക് ചുറ്റുമുള്ള ഇരുട്ടിൽ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന ആശങ്ക, എന്തെന്ന് വ്യക്തമാല്ലാത്ത  അജ്ഞതയെ  ഭയന്ന് ഹൃദയം മിടിക്കാൻ


മറന്നുപോയ കുട്ടിക്കാലത്തെ നമ്മുടെ രസകരമായ രാത്രികൾ. 

ഒരു നല്ല ഹൊറർ കഥ കണ്ടു മടങ്ങും വഴി വഴിയിൽ കേട്ട ചീവീടിന്റെ ശബ്ദത്തിനും പൂച്ചകളുടെ ഞരക്കങ്ങൾക്കും  മര കൊമ്പുകളുടെ മർമ്മരങ്ങൾക്കും  ഞെട്ടിത്തരിച്ച രാത്രി സഞ്ചാരങ്ങൾ.

നമ്മുടെ സ്വന്തം സുരക്ഷിതത്വത്തെ  ചോദ്യം ചെയ്യുന്ന അത്തരം കഥകൾ വളരെ വിചിത്രമാം വിധം സംതൃപ്തി ആണ് നമുക്ക് നല്കുന്നത്. 😂😂😂 

പക്ഷേ സങ്കടകരം എന്ന പറയട്ടെ, ഇംഗ്ലീഷ് സിനിമകള് ആണെങ്കിലും മലയാളം സിനിമകൾ ആണെങ്കിലും,അവയിൽ  പലതും കണ്ട് മടുത്ത, ആവർത്തന വിരസതകളാണ്  മുക്ക് സമ്മാനിക്കുന്നത്.

പ്രേതബാധയുള്ള ഒരു വീടോ കെട്ടിടമോ

അതിന്നുള്ളിലെ പ്രതികാര ദാഹിയായ പ്രേതം. 

രാത്രി കാലത്ത് കേടാകുന്ന കാർ

പ്രേതനുഭവം ഉണ്ടായവർ എത്ര ആവർത്തിച്ച് പറഞ്ഞാലും വിശ്വസിക്കാത്ത മറ്റ് കഥാപാത്രങ്ങൾ (മലയാളത്തിൽ മിക്കപ്പൊഴും പ്രേതനുഭവം ഉണ്ടാവുന്നത് ഭാര്യക്ക് ആയരിക്കും. ഭർത്താവ് ആയിരിക്കും വിശ്വസിക്കാത്ത ആൾ. ഈ ക്ളീഷേ വന്ന് കണ്ട ലാസ്റ്റ് പടം --- എസ്ര 2017)



ഏതാണ്ട് ഒന്ന് രണ്ട് കൊല്ലം ആയി എന്ന് തോന്നുന്നു CREEPYPASTHA  എന്ന വെബ്സൈറ്റിന്റെ ഫാൻ ആയിട്ട്. 

സംഗതി ഹൊറർ കഥകളുടെ ഒരു കളക്ഷൻ തന്നെയാണ് വെബസിറ്റിൽ ഉള്ളത്. ലോകത്തിന്റെ പല ലോകത്ത് നിന്നുള്ള എഴുത്തുകാർ അവരുടെ ഹൊറർ കഥകൾ പബ്ലിഷ് ചെയ്യുന്ന ഒരിടം. നല്ല കഥകൾ നോക്കി അവർ കാശ് കൊടുത്ത് വാങ്ങി അവരുടെ സൈറ്റില് പബ്ലിഷ് ചെയ്യും. 

വളരെ ക്രിയേറ്റീവ് ആയ, മുകളിൽ പറഞ്ഞ ക്ലിഷേകൾ മിക്കതും ഇല്ലാത്ത നിരവധി കഥകൾ അതിലുണ്ട്.  പ്രേതവും, ആളുകളെ കൊല്ലാൻ എത്തുന്ന സൈകോ കില്ലർമാരും ഇല്ലാത്ത നിരവധി ഹൊറർ കഥകൾ. 

എല്ലാം ഇംഗ്ലീഷിൽ ആണ് എന്ന കുഴപ്പം മാത്രമേ ഉള്ളൂ. പ്രേതവും കൊലയാളികളും ഇല്ലാതെയും ഹൊറർ ആസ്വദിക്കാൻ കഴിയും എന്നത് എനിക്ക് വ്യത്യസ്തമായ ഒരനുഭവം തന്നെ ആയിരുന്നു. 

ആ വെബസിറ്റിൽ ഞാന് ആദ്യമായി വായിച്ച കഥയാണ് AM 1060. കഥയുടെ ചെറിയ ഒരു SUMMARY ഞാന് നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു

                                                AM 1060 - summary 

ഫാക്ടറി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുക ആയിരുന്നു അയാള്.  ജോലി കഴിഞ്ഞുള്ള വീട്ടിലേക്കുള്ള ഇത്തരം ബോറൻ രാത്രി സഞ്ചാരങ്ങൾ അയാൾക്ക് പതിവുള്ളതാണ്. ഏതാണ്ട് മുക്കാൽ മണിക്കൂറോളം സമയമെടുക്കും അയാൾക്ക് വീട്ടിൽ എത്താൻ. 

ഉറക്കത്തിൻ്റെ ഭാരത്താൽ പാതി കൂമ്പി അടഞ്ഞ് നിൽക്കുന്ന കണ്ണുകളുമായുള്ള അത്തരം രാത്രി യാത്രകളിൽ, ഉണർന്നിരിക്കുന്നതിന് വേണ്ടി കാറിലെ റേഡിയോയിൽ പാട്ട് വെച്ച് കൊണ്ടാണ് സാധാരണ അയാളുടെ യാത്ര. 

പക്ഷേ അന്ന്  കേൾക്കാൻ സുഖമുള്ള ഒരു സ്റ്റേഷൻ എത്ര ട്യൂൺ ചെയ്തിട്ടും അയാൾക്ക് കിട്ടിയില്ല.

ട്യൂൺ ചെയ്ത് ട്യൂൺ ചെയ്ത് ഒടുവിൽ അയാൾ AM 1060 എന്ന ഒരു ചാനലിൽ എത്തുന്നു. 

ഒരല്പം വിചിത്രമായി ആ ചാനൽ അയാൾക്ക് തോന്നി.

കൊല്ലങ്ങളായുള്ള അയാളുടെ രാത്രി സഞ്ചാരങ്ങൾക്കിടയിൽ, ഒരിക്കൽപോലും ഇങ്ങനെയൊരു ചാനൽ അയാൾ കേട്ടിട്ടില്ല. 

ആദ്യം കുറേ ക്ലാസിക് സോങ്ങുകളും ശേഷം ഒരു ബോറൻ interview യും ആണ് ആ ചാനലിൽ പ്ലേ ചെയ്തത്. 

Interview തുടങ്ങി ഏതാണ്ട് 15 മിനിട്ട് കഴിഞ്ഞ്, മൂന്ന് "ബീപ്" ശബ്ദത്തിന് ശേഷം, വളരെ വിചിത്രമെന്നോണം ചാനലിൽ കുറെ ആളുകളുടെ പേരും അവരുടെ ജനനത്തീയതിയും അവരെ കാണാതായ വർഷവും പറയുന്നു. 

ജോൺ ടെൽഫെയർ, ജനനം: നവംബർ 14 1953, കാണാതായ വർഷം: ജനുവരി 9 1992

ജോവാൻ വിൽകെർസൺ, ജനനം: മാർച്ച് 11 1937, കാണാതായ വർഷം: ഓഗസ്റ്റ് 2, 2001

ജെറോം കാസ്റ്റർ, ജനനം: ഡിസംബർ 3, 1984 കാണാതായ വർഷം 1999 സെപ്റ്റംബർ 6.

ഏതാണ്ട് മൂന്ന് പേരുകൾ ഇങ്ങനെ പറഞ്ഞശേഷം, മൂന്ന് "ബീപ്" ശബ്ദത്തിനുശേഷം ചാനൽ പഴയതുപോലെയായി പഴയ ഇൻറർവ്യു സംപ്രേക്ഷണം തുടങ്ങി. 

ഇവരെല്ലാം ആരാണ്? ഇങ്ങനെ ഒരു ഇൻഫർമേഷൻ കൊടുക്കുന്നതിന് എന്തു ഉദ്ദേശമാണ് ഉള്ളത്? എന്തെങ്കിലും തട്ടിപ്പോ പ്രാങ്കോ ആണോ? എന്നിങ്ങനെ പല വിധത്തിലുള്ള ചിന്തകൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി.

പിറ്റേദിവസം ഫാക്ടറിയിൽ ജോലിക്ക് എത്തിയ അയാൾ, തൻ്റെ കൂടെ ജോലി ചെയ്യുന്ന എല്ലാ ആളുകളോടും അത്തരം ഒരു ചാനലിനെ പറ്റി ചോദിക്കുന്നു. പക്ഷേ അവരാരും അങ്ങനെ ഒന്നും കേട്ടിട്ട് കൂടിയില്ല. 

അന്ന് രാത്രിയും വീട്ടിലേക്ക് മടങ്ങുന്ന വഴി കാറിലെ റേഡിയോയിൽ അയാൾ പല ആവർത്തി ചാനലുകൾ ട്യൂൺ ചെയ്തു നോക്കി. 

പക്ഷേ AM 1060 എന്ന ചാനൽ മാത്രം അയാൾക്ക് കിട്ടിയില്ല.

പിന്നീട് തൻ്റെ ഭാര്യയോടും അയാൾ ഇത്തരം ഒരു ചാനലിനെ പറ്റി ചോദിക്കുന്നു. 

ഭാര്യക്ക് അത് വല്ലാത്ത ഒരു ആശ്ചര്യമായിരുന്നു. 20 കൊല്ലത്തെ ദാമ്പത്യ ജീവിതത്തിനിടയ്ക്ക് ഇത് ആദ്യമായാണ് ഒരു റേഡിയോ ചാനലിനെ പറ്റി അയാൾ ചോദിക്കുന്നത്.

കാര്യം എന്താണ് എന്ന് ഭാര്യ തിരക്കിയപ്പോൾ, ആ ചാനലിൽ അവൾക്ക് ഇഷ്ടമുള്ള കുറെ പാട്ടുകൾ ഞാൻ കഴിഞ്ഞ ദിവസം കേട്ടു, അതുകൊണ്ടാണ് ചോദിച്ചത്, എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറുന്നു. 

പിന്നീട് ഏതാണ്ട് ഒരാഴ്ച്ചക്ക് ശേഷമാണ് വീണ്ടും അയാൾ ആ ചാനലിൽ എത്തിപ്പെടുന്നത്. 

സ്റ്റേഷനുകള് തിരഞ്ഞു ട്യൂൺ ചെയ്ത് പോകുമ്പോള് വളരെ യാദൃശ്ചികമായി പണ്ടത്തെത്ത് പോലെ തന്നെ ആ ചാനല് പിന്നെയും ലഭിക്കുന്നു. പഴയത് പോലെ യാന്ത്രികമായ ഒരു ശബ്ദം ആളുകളുടെ പേരും  അവരുടെ മറ്റ് തീയതികളും വായിക്കുന്നു. 

അർമാണ്ടോ ഗോൺസാലെസ്, ജനനം: ജൂലൈ 18 1982, കാണാതായ വർഷം, 2013 ഏപ്രിൽ 23

വാൻ ഡേവിസ് (ജനനം: ഫെബ്രുവരി 4, 1911) കാണാതായ വര്ഷം: 1945 ഒക്ടോബർ 13

1945 ൽ കാണാതായ വ്യക്തിയോ? അവരെയൊക്കെ ഇപ്പോഴും തിരയുന്നുണ്ടോ? അവരൊക്കെ ഇപ്പോള് ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് തന്നെ സംശയമാണ്

സോഫിയ ആന്ദുജര്,  ജനിച്ചത്: 1995 ജനുവരി 1, കാണാതായ വര്ഷം; 2013 ജനുവരി 1, 

മരിയ ഡെവെറക്സ്-കെയ്ൻ,ജനനം: ജൂൺ 29, 1963), കാണാതായ വർഷം , നവംബർ 28, 2007.

അവസാന പേരും വിവരങ്ങളും പറഞ്ഞ ശേഷം അത് സാധാരണ സംപ്രേക്ഷണം തുടർന്നു. മുൻപ് കേട്ട അതെ ഇൻ്റർവ്യൂ തന്നെ ആയിരുന്നു അത്. 

പിറ്റേന്ന് കാലത്ത് ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്ന അയാൾ. ഭാര്യയുടെ ലാപ്ടോപ് എടുത്ത് അതിൽ ആ ചാനലിനെ പറ്റി തിരയുന്നു. 

അതിശയകരം എന്ന് പറയട്ടെ, ആ ചാനലിന് ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നു. പക്ഷേ അത് തുറക്കാൻ ശ്രമിക്കുമ്പോൾ എല്ലാം 

404 error 

എന്ന സന്ദേശമാണ് അയാൾക്ക് ലാപ്ടോപ്പിൽ ലഭിച്ചത്. 

ശേഷം അയാൽ ചാനലിൽ കേട്ട ചില പേരുകൾ ഇന്റെർനെറ്റിൽ  അടിച്ച് നോക്കുന്നു. ചാനലിൽ കേട്ടത് പോലെ തന്നെ ആ ആളുകൾ ജനിച്ച വർഷവും കാണാതായ വർഷവും എല്ലാം ലാപ്ടോപ് സ്ക്രീനിൽ തെളിഞ്ഞു വന്നു. 

പക്ഷേ അവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ഗൂഗിൾ ചെയ്തു നോക്കിയ അയാൾ, അവരെല്ലാം ജനിച്ചതും കാണാതായതുമെല്ലാം വളരെ ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നാണ് എന്ന് മനസ്സിലാക്കി. വെറുമൊരു ലോക്കൽ ചാനൽ എന്ന് കരുതിയ AM 1060 ൻ്റെ സംപ്രേക്ഷണ പരിധിയിൽ വരുന്ന സ്ഥലങ്ങൾ ഒന്നുമായിരുന്നില്ല അത്. 

അവരെപ്പറ്റി കൂടുതൽ വിവരങ്ങൾ തിരഞ്ഞ അയാൾ, അവരെല്ലാം കാണാതായത് അവരുടെ ഡ്രൈവിംഗിനിടെ ആയിരുന്നു എന്നും, ജോലി സ്ഥലം, വീട്, അങ്ങനെ അവർ സാധാരണ പോകാറുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേയാണ് അവരെയെല്ലാം കാണാതായത് എന്നും അയാൾ മനസ്സിലാക്കുന്നു. 

തൻറെ ലാപ്ടോപ്പിനു മുന്നിൽ കുത്തിയിരിക്കുന്ന ഭർത്താവിനെ കണ്ടുകൊണ്ടാണ് അയാളുടെ ഭാര്യ റൂമിലേക്ക് കടന്നുവന്നത്. 

ഇൻറർനെറ്റിൽ പല പല ടാബുകൾ ഓപ്പൺ ആയി കിടക്കുന്നത് കണ്ട് അവൾ ഭരത്താവിനോട് കാര്യം തിരക്കിയപ്പോൾ, "ഞാൻ ചില ക്രൈം സ്റ്റോറികളെ പറ്റി തിരക്കുകയായിരുന്നു," എന്ന് വിശദീകരിക്കുകയും ഓപ്പൺ ആയി കിടന്ന ടാബുകൾ പെട്ടെന്ന് അയാൾ ക്ലോസ് ചെയ്യുകയും ചെയ്യുന്നു. 

കൂട്ടത്തിൽ ഉണ്ടായിരുന്ന AM 1060 ൻ്റെ ചാനൽ വെബ്സൈറ്റ് അയാളുടെ ഭാര്യ  കാണാനിടയായി.

അതിനെപ്പറ്റി ഭാര്യയുടെ ചോദ്യം ഉയർന്നപ്പോൾ, താൻ വീട്ടിലേക്ക് വരുന്ന വഴി ആ ചാനൽ കേൾക്കുകയായിരുന്നുവെന്നും, ആ ചാനൽ ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട് അതിൽ ലേഡി ഗാഗയുടെ സ്റ്റേജ് ഷോ കാണാനുള്ള രണ്ട് ഫ്രീ ടിക്കറ്റ് ലഭിക്കുമെന്നും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾ എങ്ങനെയാണ് എന്ന് താൻ തിരക്കുകയായിരുന്നു എന്നും അയാൾ ഭാര്യയോട് കള്ളം പറയുന്നു. സ്നേഹപൂർവ്വം നന്ദി പറഞ്ഞു കവിളിൽ ചുംബിച്ചുകൊണ്ട് ഭാര്യ മുറി വിട്ട് പോകുന്നു. 

അതിന് ശേഷം ഏതാണ്ട് ഒന്നര മാസം കഴിഞ്ഞാണ് പിന്നെ അയാൾക്ക് ആ ചാനൽ കിട്ടുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ അത്തരം ഒരു ചാനലിൻ്റെ കാര്യം മറന്നിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്. കൂട്ടുകാരോടൊത്ത് ഒരു ട്രിപ്പിന് പോകുന്നതിന് വേണ്ടി കാറുമായി പുറത്തേക്ക് ഇറങ്ങിയ സമയത്ത് ആയിരുന്നു അത്.

റേഡിയോയിലെ ശബ്ദം പറഞ്ഞു തുടങ്ങി; ഷീല ഗാസ്റ്റൺ, ജനനം: സെപ്റ്റംബർ 12 1970, കാണാതായ വർഷം:  ഫെബ്രുവരി 29, 2004.

ജോർജ് വെല്ലിങ്സ്വർത്, ജനനം 1604 Unknown, കാണാതായ വർഷം: 1665 Unknown

അത് അയാളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി. 1665 ൽ കാണാതായ വ്യക്തിയോ. അന്നത്തെ കാലത്ത് അങ്ങനെയെല്ലാം റെക്കോർഡുകൾ സൂക്ഷിക്കാറുണ്ടായിരുന്നു. അയാളെല്ലാം ഉറപ്പായും മരിച്ചിട്ടുണ്ടാവും. എന്തിനാണ് ഇവരെയെല്ലാം ഇപ്പോഴും തിരയുന്നത്?

ജെഫ്രി മോറിസ്, ജനനം: 1993 ഓഗസ്റ്റ് 21, കാണാതായ വർഷം, 2031 മെയ് 27

അയാൾക്ക് അയാളുടെ കാതുകളെ വിശ്വസിക്കാനേ ആയില്ല. "2031 ൽ കാണാതായ വ്യക്തിയോ? സംരക്ഷണം ചെയ്തവർക്ക് തെറ്റുപറ്റിയതാണോ? അതോ ഈ ചാനലിന്  ഇനി ഭാവിയും പ്രവചിക്കാൻ കഴിയുമോ? 

കൂട്ടുകാരുടെ അടുത്ത് എത്തിയ അയാൾ അവരുടെ കൂടെ കമ്പനി അടിച്ച് ഇരിക്കുന്നതിന് ഇടയിൽ അവരാരെങ്കിലും അങ്ങനെ ഒരു ചാനൽ കേട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നു.  

എവിടെയോ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു എന്ന് അവരിൽ ചിലർ പറയുന്നത് ഒഴിച്ചാൽ വല്യ കാര്യമായ വിവരങ്ങൾ ഒന്നും അവരിൽ നിന്ന് ലഭിക്കുന്നില്ല.

എന്നാൽ പിറ്റേദിവസം കഥാനായകന്റെ കൂട്ടുകാരിൽ ഒരാൾ  ആയ ടെറി, അയാളോട് നീ എവിടെ നിന്നാണ് ഇങ്ങനെയൊരു ചാനലിനെ പറ്റി കേട്ടത് എന്ന് നമ്മുടെ കഥാനായകനോട് ചോദിക്കുന്നു. കൂട്ടുകാരൻറെ ശബ്ദത്തിൽ ആശങ്കയും സംശയങ്ങളും  നിഴലിക്കുന്നുണ്ടായിരുന്നു.

തനിക്ക് ഇഷ്ടമുള്ള ചില പഴയ ഗാനങ്ങൾ ആ ചാനലിൽ ഇടയ്ക്കിടെ കേൾക്കാറുണ്ട് എന്നയാൾ ടെറിയോട് കള്ളം പറയുന്നു. തനിക്ക് എങ്ങനെയാണ് ആ ചാനലിനെ പറ്റി അറിയാവുന്നത്, നീ ആ ചാനൽ കേട്ടിട്ടുണ്ടോ എന്ന് അയാൾ ടെറിയോട് ആകാംക്ഷയോടെ തിരിച്ചു ചോദിക്കുന്നു.

എന്നാൽ താൻ അങ്ങനെയൊരു ചാനൽ കേട്ടിട്ടില്ലെന്നും തന്റെ മുൻപത്തെ കൂട്ടുകാരിലൊരാൾ ഇങ്ങനെയൊരു ചാനലിനെ പറ്റി കൂടെക്കൂടെ പറയാറുണ്ടായിരുന്നുവെന്നും ടെറി പറയുന്നു. പക്ഷേ അങ്ങനെയൊരു ചാനൽ ടെറിക്ക് ഒരിക്കലും അയാളുടെ റേഡിയോയിൽ കിട്ടിയിട്ടുമില്ല. കുറച്ചുനാളുകൾക്കു ശേഷം അവൻ പിറ്റേന്ന് മുതൽ ജോലിക്ക് വരാതായി എന്നും ടെറി പറഞ്ഞു നിർത്തുന്നു.

എന്നാൽ കഥാനായകൻ അതെല്ലാം പാടെ അവഗണിക്കുന്നു. അങ്ങനെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലെന്നും. താനാ ചാനൽ അങ്ങനെ എപ്പോഴുമൊന്നും കേൾക്കാറില്ലെന്നും. ആ ചാനൽ അങ്ങനെ എപ്പോഴും എല്ലാവർക്കും കിട്ടുന്ന ഒന്നല്ലെന്നും മറ്റും പറഞ്ഞ് ആ സംഭാഷണം അവിടെ അവസാനിപ്പിക്കുന്നു. 

പിന്നീടുള്ള സമയങ്ങൾ മുഴുവൻ കഥാനായകന്റെ കൂട്ടുകാരൻ ടെറി വല്ലാതെ ഡിസ്റ്റർബ്ഡ് ആയിരുന്നു. 

മൂന്നു ദിവസത്തെ ട്രിപ്പ് കഴിഞ്ഞു തിരികെ വീട്ടിലെത്തിയ അയാൾ അവസാനം ചാനലിൽ കേട്ട പേരുകൾ ഇൻറർനെറ്റിൽ തിരയുന്നു. മുമ്പത്തെ ആളുകൾ എങ്ങനെയാണോ കാണാതായത് അതുപോലെയൊക്കെയുള്ള സാഹചര്യങ്ങളിൽ ഒക്കെ തന്നെയായിരുന്നു ഇത്തവണത്തെ ആളുകളും കാണാതായത്. 

എന്നാൽ 1665ൽ കാണാതെ പോയി എന്ന് പറഞ്ഞ ജോർജ് വെല്ലിങ്സ്വർത് എന്ന വ്യക്തി വളരെ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലാണ് കാണാതെ പോയത്. അന്നത്തെ കാലത്ത് കാറുകൾ പോലും ഉണ്ടായിരുന്നില്ലല്ലോ.

ഒരുപാട് നാളുകൾക്ക് മുൻപ് സംഭവിച്ചതായതുകൊണ്ടുതന്നെ അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങൾ കണ്ടുപിടിക്കാൻ അയാൾ നന്നെ പണിപ്പെട്ടു.

നാട്ടുകാർക്ക് തീർത്തും ഒരു ശല്യക്കാരനായിരുന്ന  ജോർജ് വെല്ലിങ്സ്വർത് പെട്ടെന്നൊരു ദിവസം തന്റെ തലയ്ക്കുള്ളിൽ ചില പ്രത്യേകതരം അലർച്ചകളും ശബ്ദങ്ങളും കേൾക്കാൻ തുടങ്ങിയത്രേ. ഒരു രാത്രി അത്തരം ഒരു അവസ്ഥയിൽ അയ്യാൾ തൻ്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു ഒരു കുതിര വണ്ടിയിൽ നാടുവിട്ടു പോയി. പിന്നീട് അയാളെ പറ്റി യാതൊരു വിവരവും ഉണ്ടായിട്ടില്ല.

ഇതേസമയം അയാളുടെ ഭാര്യ പെട്ടെന്ന് കടന്നു വരികയും തന്റെ ലാപ്ടോപ്പുമായിരിക്കുന്ന ഭർത്താവിനെ അവൾ കാണാൻ ഇടയാവുകയും ചെയ്തു. കൂടുതൽ സമ്മാനങ്ങൾ നേടാൻ ശ്രമിക്കുകയാണോ എന്ന് ചിരിച്ചുകൊണ്ട് അവൾ തന്റെ ഭർത്താവിനോട് ചോദിക്കുന്നു.

 ചെറിയൊരു ചമ്മലോടെ അതെ എന്നയാൾ പറയുകയും എന്നാൽ പിന്നീട് സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ അയാൾ തുടങ്ങുന്ന മാത്രയില് അയാളുടെ ഭാര്യ വളരെ വിചിത്രമായ ഒരു കാര്യം തൻറെ ഭർത്താവിനോട് പറഞ്ഞു.

ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി പുള്ളിക്കാരി AM 1060 എന്ന ചാനൽ കേട്ടുവെന്നും, അതിൽ അയാൾ പറഞ്ഞതുപോലെ വളരെ രസകരമായ, പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ട, നിരവധി മ്യൂസിക്കുകളും ഗാനങ്ങളും ഉണ്ടായെന്നും  സന്തോഷത്തോടെ പുള്ളിക്കാരി പറഞ്ഞു. 

അത് കേട്ട് അയാളിൽ പിന്നെയും ആശങ്കകൾ ഉണ്ടാകുന്നു. 

നാളിതുവരെയായി താൻ അത്തരത്തിലുള്ള യാതൊരു പാട്ടോ മ്യൂസിക്കോ കേട്ടിട്ടില്ല. ആളുകൾക്ക് ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലുള്ള സ്വഭാവത്തിൽ ആണോ ഈ ചാനൽ ലഭിക്കുക?

ശേഷം അന്ന് രാത്രി ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി വീണ്ടും അതേ ചാനൽ കാറിന്റെ റേഡിയോയിൽ അയാൾക്ക് ലഭിക്കുന്നു. എന്നാൽ ഇത്തവണ ചാനലിൽ സമ്പൂർണ്ണ നിശബ്ദതയായിരുന്നു ഉണ്ടായിരുന്നത്. 

കുറച്ചുനേരം ആ നിശബ്ദത കേട്ടിരുന്നശേഷം അയാൾ ചാനൽ മാറ്റാൻ ഒരുങ്ങവേ പെട്ടെന്ന് അയാൾക്കൊരു ഫോൺ വരുന്നു. അത് അയാളുടെ സുഹൃത്ത് ടെറി ആയിരുന്നു.

വല്ലാത്ത ഭയപ്പാടോടെയാണ് ടെറി തൻറെ സുഹൃത്തിനോട് സംസാരിച്ചത്. 

താങ്കൾ ഇപ്പോൾ ആ ചാനൽ കേട്ടുകൊണ്ടിരിക്കുകയാണോ? ടെറി തൻ്റെ സുഹൃത്തിനോട് ചോദിച്ചു.

അതിന് ഇല്ല എന്ന് അയാൾ തിരിച്ചു മറുപടി പറഞ്ഞു.

വല്ലാത്തൊരു പരിഭ്രാന്തിയോടെ ടെറി തൻറെ സുഹൃത്തിനോട് താങ്കൾ ഒരിക്കലും ആ ചാനൽ കേൾക്കരുത് അത് പിശാചിൻറെ ചാനലാണ് എന്ന് പുലമ്പി കൊണ്ടിരുന്നു.

ടെറിയോട് പുഞ്ചിരിയോടെ എന്താണ് കാരണം എന്നയാൾ ചോദിക്കുന്നു?

അതിന് ടെറി പറഞ്ഞ മറുപടി അയാളുടെ ജോലി സ്ഥലത്തുനിന്ന് ഒരാൾ കൂടി കാണാതെ പോയത്രേ. അയാളും ഇത്തരം ഒരു ചാനൽ കേൾക്കാറുണ്ടായിരുന്ന വ്യക്തിയായിരുന്നുവത്രേ.

കാണാതായ വ്യക്തിയുടെ പേര് കേട്ട കഥാനായകൻ വല്ലാതെ ഞെട്ടിത്തരിച്ചു പോയി. അത് അയാൾ റേഡിയോയിൽ മുൻപ് കേട്ട പേരുകളിൽ ഒന്നായിരുന്നു, "അർമാണ്ടോ ഗോൺസാലെസ്."

പെട്ടെന്ന് വല്ലാതായ അയാൾ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു പിന്നീട് വിളിക്കാം എന്ന് ഉറപ്പു കൊടുത്ത് ടെറിയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നു. 

ഫോൺ വെച്ച് ഉടനെ  റേഡിയോയിലെ ചാനലിൽ നിന്ന് ഒരു പാട്ട് ആരംഭിക്കുന്നു. ഒരു ചെറുപുഞ്ചിരിയോടെ ആ പാട്ട് കേട്ട് കൊണ്ടിരിക്കവേ, പാട്ട് ഇടയ്ക്ക് വച്ച് നിൽക്കുകയും മൂന്ന് "ബീപ്" ശബ്ദം കേൾക്കുകയും ചെയ്തു. 

എന്നാൽ ചാനലിൽ ശേഷം കേട്ടത് കഥാനായകൻറെ ശരീരത്തിലെ രക്തം മരവിപ്പിക്കുന്ന ഒന്നായിരുന്നു, "ജയിംസ് ഏജർ, ജനനം: ഏപ്രിൽ 10 1961, കാണാതായ വർഷം 2016 ഓഗസ്റ്റ് 17.

അത് ആ ദിവസമായിരുന്നു, 2016 ഓഗസ്റ്റ് 17.

അതിൽ കേട്ട പേരും ജന്മവർഷവും നമ്മുടെ കഥാനായകന്റെതും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനുഷ്യന്റെ ഭാവിയിലേക്ക് ---- ഒടുവിലത്തെ ചോദ്യം (സയൻസ് ഫിക്ഷൻ)

എന്നെക്കുറിച്ച് ..

മരണാനന്തരം ദൈവത്തെ കണ്ടപ്പോൾ (സയൻസ് ഫിക്ഷൻ)

ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ