മനുഷ്യന്റെ ഭാവിയിലേക്ക് ---- ഒടുവിലത്തെ ചോദ്യം (സയൻസ് ഫിക്ഷൻ)

 The Last Question, By Isaac Asimov ---- Plot and Analysis in Malayalam |


വളരെ മനോഹരമായി എഴുതി തയാറാകിയ ഒരു കഥയും, ഒടുവിൽ ഒരു ബ്രഹ്മാണ്ഡ, കൊലമാസ്സ് ട്വിസ്റ്റും!!!!

വായിച്ച് കഴിഞ്ഞപ്പോൾ അന്തം വിട്ട് പണ്ടാരം അടങ്ങിപ്പോയി എന്ന് മാത്രം പറയാം. ഒരു മൻഷ്യന്റെ തലച്ചോറ് വച്ച് ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടാൻ പറ്റുമോ? അമ്പമ്പോ അപാര ക്രിയേറ്റിവിറ്റി!!!

ഇത് പോലൊരു കൊലമാസ്സ് കഥയ്ക്ക് അവലോകനം നടത്താന് ഉള്ള കെൽപ്പോ അത് എഴുതിയെടുക്കാന് മാത്രം മലയാളത്തിൽ വാക്കുകളോ എനിക്കറിയില്ല. എന്നാലും ഒന്നു ശ്രമിച്ച് നോക്കാം. 

ENTROPY ആണ് കഥയിലെ ഒരു പ്രധാന THEME. ENTROPY എന്നത് ഒരു ശാസ്ത്രീയ പദമാണ്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ എനർജിയുടെ പരക്കൽ, DILUTION, അതാണ് ENTROPY.


ബിഗ് ബാങ് തുടങ്ങുന്ന സമയുന്ന സമയത്ത് ഊർജ്ജം തിങ്ങി നിറഞ്ഞു നിന്നിരുന്ന ഒരു കുഞ്ഞ് ബോൾ ആയിരുന്നു നമ്മുടെ ലോകം. അവിടെ നിന്നു ആ ബോൾ വികസിക്കുന്നതിനൊപ്പം ഊർജ്ജവും പരന്നു തുടങ്ങി. ശേഷം നക്ഷത്രങ്ങൾ ഉണ്ടാവുന്നു. നക്ഷത്രങ്ങളിൽ നിന്ന് ഊർജ്ജവും മൂലകങ്ങളും പിന്നെയും പുറത്തേക്ക് പരന്നു ഗ്രഹങ്ങളും മറ്റും ഉണ്ടാക്കുന്നു, പിന്നെ ജീവന് ഉണ്ടാവുന്നു. 

ഈ പരക്കൽ ഇങ്ങനെ പരന്നു പരന്നു ഒടുവിൽ ഈ ലോകത്തിലെ മുഴുവന് ഊർജ്ജവും, ലോകത്തിൻറെ എല്ലാ ഭാഗത്തും തുല്യമായി മാറും, എല്ലാ ഊർജ്ജവും നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് (വേസ്റ്റ് എനർജി)  മാറും.  

എന്നാൽ ഈ പരക്കൽ നമുക്ക് അങ്ങ് തടഞ്ഞാൽ പോരെ?

സോറി അത് നടക്കില്ല. പ്രപഞ്ചം അങ്ങനെയല്ല work ചെയ്യുന്നത്.

സൂര്യനിൽ നിന്നുള്ള ഊർജ്ജവും മൂലകങ്ങളും പുറത്തേക്ക് പരന്നാണ് നമ്മുടെ ഭൂമിയും മറ്റു ഗ്രഹങ്ങളും ഉണ്ടായത്. ആ സൂര്യനിൽ നിന്ന് ഊർജ്ജം ഇപ്പോഴും പുറത്തേക്ക് പറന്നുകൊണ്ടിരിക്കുന്നു. 

സൂര്യനിൽ നിന്നുള്ള ആ ഊർജ്ജം സ്വീകരിച്ചാണ് ചെടികളും മരങ്ങളും വളരുന്നതും, നമുക്ക് ഭക്ഷണം കിട്ടുന്നതും, ചെടികൾ ഓക്സിജൻ ഉണ്ടാക്കുന്നതും. 



ഓരോ തവണ ഊർജ്ജം പരന്ന് അടുത്ത സിസ്റ്റത്തിൽ എത്തുമ്പോളും കുറച്ച് എനർജി waste ആയി പോകും. അങ്ങനെ കുറെ നാൾ കഴിയുമ്പോൾ പുതിയ ഊർജ്ജം തരാൻ പിന്നെ നക്ഷത്രങ്ങളൊന്നും ഉണ്ടാകില്ല. 

ഊർജം എല്ലാം പുറത്തേക്ക് പരത്തി പരത്തി നമ്മുടെ നക്ഷത്രങ്ങളുടെ എല്ലാം ഉള്ളിലെ വെടി തീർന്നിട്ടുണ്ടാവും. 

Entropy കുറവുള്ള concentrated ആയ പരക്കാത്ത എനർജി ലോകത്ത് എങ്ങും ഇല്ലാത്തതിനാൽ നക്ഷത്രങ്ങളൊന്നും ലോകത്തുണ്ടാകാൻ പോകുന്നില്ല. ജീവൻറെ ദാദാക്കളായ നക്ഷത്രങ്ങൾ ഇല്ലെങ്കിൽ എന്തായിരിക്കും നമ്മുടെ ലോകത്തിൻറെ അവസ്ഥ.

ലോകം പൂർണ്ണമായ അന്ധകാരത്തിലേക്ക് കൂപ്പ് കുത്തും. മനുഷ്യനോ മറ്റേത് വംശമോ ലോകത്തെവിടെയുണ്ടെങ്കിലും, പൂർണ്ണമായും നശിച്ചുപോകും.

അപ്പോൾ ഇതാണ് കഥയിലെ ആ അവസാനത്തെ ചോദ്യം ---- ഒടുക്കത്തെ ചോദ്യം; എങ്ങനെ നമുക്ക് entropy റിവേഴ്സ് ചെയ്യാം? 

നമുക്ക് കഥയിലേക്ക് കടക്കാം;

PLOT

സീൻ - 1

2061 മെയ് 21, അന്നാണ് ആ അവസാന ചോദ്യം ആദ്യമായി ചോദിച്ചത്. ഒരു അഞ്ചു ഡോളർ ബെറ്റിൻ്റെ പുറത്തായിരുന്നു ആ ചോദ്യം ചോദിച്ചത്.

 പതിറ്റാണ്ടുകൾ ആയി മനുഷ്യർക്ക് വേണ്ടി ചന്ദ്രനിലും ചൊവ്വയിലും മറ്റ് ഗ്രഹങ്ങളിലും എത്തുന്നതിനു വേണ്ട വാഹനങ്ങളും  സ്പേസ്ഷിപ്പുകളും അത്തരം യാത്രകൾക്ക് വേണ്ട പ്ലാനുകളും മറ്റും തയ്യാറാക്കിയിരുന്ന സൂപ്പർ കമ്പ്യൂട്ടർ --- മൾട്ടിവാക്.

പക്ഷേ ഭൂമിയിലെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഇന്ധനങ്ങൾക്കും മോശമായി കൊണ്ടിരിക്കുന്ന വിഭവങ്ങൾക്കും മൾട്ടിവാക് ഉണ്ടാക്കിയ കപ്പലുകളെയും പ്ലാനുകളെയും പിന്തുണക്കാൻ കഴിയുന്നതായിരുന്നില്ല. യുറേനിയവും കൾക്കരിയും എല്ലാം ദീർഘദൂര യാത്രകൾക്ക് അമിതമായി ഉപയോഗിച്ച് ഭൂമിയിലെ ഇന്ധനക്ഷമത കുറഞ്ഞുകൊണ്ടിരിക്കുന്ന സമയം.

നിലവിൽ, സൂര്യനിൽ നിന്നുള്ള ഊർജ്ജം നേരിട്ട് സ്വീകരിച്ചു അത് ചന്ദ്രനിലേക്കുള്ളതിന്റെ പകുതി ദൂരത്തിൽ സ്ഥിതി ചെയ്ത് ഭൂമിയെ ചുറ്റുന്ന സോളാർ സ്പേസ് സ്റ്റേഷനിൽ എത്തിച്ച്, അവിടെ സൌരോർജ്ജം സ്റ്റോർ ചെയ്തു അവിടെനിന്ന് ഊർജ്ജം ഭൂമിയിൽ എല്ലായിടത്തും എത്തിക്കുന്നു. അതാണ് നിലവിലെ ഭൂമിയിലുള്ളവരുടെ പ്രധാന ഇന്ധനം.  




മൾട്ടിവാക് എന്ന സൂപ്പർ കമ്പ്യൂട്ടറിൻറെ രണ്ട് ടെക്നീഷ്യന്മാരാണ് അലക്സാണ്ടർ അടെല്ലും, ബെർട്രാം ലുപൊവും.  

പൊതു ചടങ്ങുകളിൽ നിന്നെല്ലാം മാറി, താഴെ, മൾട്ടിവാകിൻ്റെ താഴേക്കുള്ള ഭാഗങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറയിൽ, കയ്യിൽ മദ്യ കുപ്പികളുമായി വിശ്രമിക്കുകയായിരുന്നു അവർ രണ്ടുപേരും.  

ഭൂമിക്ക് മുഴുവൻ ഊർജ്ജം എത്തിക്കുന്ന മൾട്ടിവാക് നിർമ്മിച്ച സോളാർ സ്റ്റേഷൻ്റെ അപാരതയെ പ്രശംസിച്ച്  "എല്ലാ കാലവും നമുക്ക് വേണ്ട ഊർജ്ജം സൂര്യനിൽ നിന്ന് ലഭിക്കുമെന്നും, ഭൂമിയെ മുഴുവൻ ഉരുക്കി ഒരു ചെറിയ ഇരുമ്പ് തുള്ളിയാക്കാൻ നമുക്ക് പറ്റുമെന്നും, എന്നാലും ധാരാളം ഊർജ്ജം എന്നെന്നും നമുക്ക് ലഭിക്കുമെന്നും" അടെൽ പറയുന്നു. 

"എന്നാല് എല്ലാകാലവും എന്ന പ്രസ്താവന തെറ്റാണ് എന്നും, സൂര്യൻ എല്ലാ കാലവും ഉണ്ടാവില്ലെന്നും." ലുപൊവ് തിരിച്ച് പറയുന്നു.

ഇതിനെ തുടർന്ന് ചെറിയ രീതിയിൽ അവർക്കിടയിൽ ഒരു ചെറിയ ഒരു തർക്കം ഉണ്ടാവുന്നു.

"കോടാനുകോടിക്കണക്കിന് വർഷങ്ങൾ, അതായത് കുറഞ്ഞത് ഒരു പത്ത് കോടി വർഷത്തേക്ക് സൂര്യൻ ഉറപ്പായും നമുക്ക് ഊർജ്ജം നൽകുമെന്നും. നമ്മുടെ എല്ലാ സ്പേസ് ഷിപ്പുകളും സോളാർ സ്റ്റേഷനുമായി ബന്ധിപ്പിച്ചാൽ ലക്ഷ കണക്കിന് തവണ അവയെ നമുക്ക് ഒരു ഭീതിയും കൂടാതെ പ്ലൂട്ടോ പോലുള്ള ഗ്രഹങ്ങളിലേക്ക് പറഞ്ഞു വിടാനും തിരിച്ചു കൊണ്ടുവരാനും സാധിക്കും." എന്നെല്ലാം അടെൽ പറയുന്നു.

 "കോടാനുകോടിക്കണക്കിന് വർഷങ്ങൾ എന്നുപറയുന്നത് എന്നെന്നും നിലനിൽക്കുന്ന ഒരു
 കണക്ക് അല്ലെന്നും. പത്തു കോടി വർഷങ്ങൾക്ക് ശേഷം സൂര്യൻ ഇല്ലാതായാൽ മറ്റു നക്ഷത്രങ്ങളെ ഉപയോഗിക്കുകയല്ലാതെ നമുക്കു മറ്റെന്ത് ചെയ്യാൻ കഴിയും. ഈ ലോകത്തെ സൂര്യനെപ്പോലുള്ള എല്ലാ നക്ഷത്രങ്ങൾക്കും ഒരു ഉൽഭവം ഉണ്ട്. അവയെല്ലാം
 ഒരിക്കൽ കെട്ടുപോകും. ചില നക്ഷത്രങ്ങൾ പത്തുകോടി വർഷങ്ങൾ ഉണ്ടാകും ചിലവ നൂറോ ഇരുന്നൂറോ കോടി വർഷങ്ങൾ ഉണ്ടാകും. എന്നാല് അവയെല്ലാം അണഞ്ഞു പോയി, എൻട്രോപ്പി  മാക്സിമത്തിൽ എത്തി ഈ പ്രപഞ്ചം മുഴുവൻ അന്ധകാരത്തിലായി പോയ ശേഷം നമുക്ക് എന്ത് ചെയ്യാൻ കഴിയും?" എന്ന് ലൂപൊവ് തിരിച്ച് ചോദിച്ചു.

"അണഞ്ഞു പോയതും ഇല്ലാതായതും എല്ലാം എന്നെങ്കിലും ഒരിക്കൽ നമുക്ക് തിരിച്ചു നിർമ്മിക്കാൻ കഴിഞ്ഞാലോ?" അടെൽ ചോദിക്കുന്നു.

എന്നാല് "അത് ഒരിക്കലും നടക്കില്ല" എന്ന് ലൂപോവ് തറപ്പിച്ചു പറയുന്നു. സംശയം ഉണ്ടെങ്കിൽ മൾട്ടിവാകിനോട്  തന്നെ ചോദിക്കാം എന്നായി.

ഒടുവിൽ അവർ മൽട്ടിവാക്ക് എന്ന സൂപ്പർ കമ്പ്യൂട്ടറിനൊട് ചോദിക്കുന്നു; "പുറത്ത് നിന്ന് മറ്റ് ഊർജ്ജം ഒന്നും ഇല്ലാതെ വാർദ്ധക്യത്തിൽ അണഞ്ഞു പോയ സൂര്യനെ 
 അതിൻറെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ എന്നെങ്കിലും മനുഷ്യന്  സാധിക്കുമോ?" (അഥവാ--എൻട്രോപ്പി  റിവേഴ്സ് ചെയ്യാൻ പറ്റുമോ?)

മൽട്ടിവാക്കിൻ്റെ സ്ക്രീനിൽ തെളിഞ്ഞ് വന്ന ഉത്തരം ഇങ്ങനെ ആയിരുന്നു: 
"കൃത്യമായ ഉത്തരം നൽകാനുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല."

"ഞാൻ അപ്പോഴേ പറഞ്ഞില്ലേ," എന്ന് ലൂപോവ്.

പിന്നീട് അങ്ങനെ ഒരു സംഭവം നടന്ന കാര്യം തന്നെ മറന്ന് അവർ അവരുടെ ദിന ചര്യകളിലേക്ക് മടങ്ങി.

സീൻ 2


കഥയുടെ അടുത്ത ഘട്ടം നടക്കുന്നത് നൂറ്റാണ്ടുകള് കഴിഞ്ഞ് ഭാവിയിൽ മറ്റൊരു കാലഘട്ടത്തിലാണ്.

ജെറോഡ് എന്ന വ്യക്തി, അയാളുടെ ഭാര്യ ജെറോഡിൻ, അവരുടെ രണ്ട് പെൺമക്കളായ ജെറോഡെറ്റ് ഒന്നാമ, ജെറോഡെറ്റ് രണ്ടാമ, എന്ന ഒരു കൊച്ചു കുടുംബം X-23 എന്ന  ഗ്രഹത്തിലെത്താൻ അവരുടെ ബഹിരാകാശ പേടകത്തിൽ ഹൈപ്പർസ്പേസിലൂടെ  (സമയത്തിനും സ്ഥലത്തിനും പുറത്തുള്ള സ്ഥലത്ത് കൂടെ) കടന്നുപോകുകയാണ്.


അവര് പോകുന്ന ഷിപ്പ് നിയന്ത്രിക്കുന്നത് മൈക്രോവാക് എന്ന സൂപ്പര് കമ്പ്യൂട്ടറും. 

നമ്മൾ ആദ്യ രംഗത്ത് കണ്ട, ചരിത്രത്തിൽ ആദ്യമായി സൌരോർജ്ജത്തെ വിജയകരമായി ഉപയോഗപ്പെടുത്തിയ  മൾട്ടിവാക് എന്ന സൂപ്പര് കമ്പ്യൂട്ടറിന്റെ ഒരു അഡ്വാൻസ്ഡ് വെർഷൻ ആണ് ഈ പറഞ്ഞ മൈക്രോവാക്. നക്ഷത്രാന്തര യാത്രകൾ സാധ്യമാക്കിക്കൊണ്ട് ഹൈപ്പർസ്പേസ് സഞ്ചാരങ്ങൾ ആദ്യമായി പ്രാപ്തമാക്കിയ കമ്പ്യൂട്ടറുകളായ പ്ലാനറ്ററി ഓട്ടോമാറ്റിക് കമ്പ്യൂട്ടറുകളുടെ (AC) ഒരു ചെറിയ പതിപ്പാണ് മൈക്രോവാക്. 

ആദ്യമെല്ലാം വലുപ്പത്തിൽ വളരെ വലുതായിരുന്നു ഈ മൈക്രോവാക് കമ്പ്യൂട്ടറുകൾ. ഒരു ഗ്രഹത്തിൽ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒരു സ്പേസ് ഷിപ്പിൽ കൊള്ളാവുന്നത്ര ചെറുതാണ് ഇന്ന് മൈക്രോവാക്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഹൈപ്പർസ്പേസ് യാത്രകളെ നയിക്കാനും പ്രധാനപ്പെട്ട എല്ലാ ജോലികളും പ്രവർത്തനങ്ങളും ചെയ്യാനും മൈക്രോവാക്കിന് കഴിയും

സ്പേസ്ഷിപ്പിലെ സ്ക്രീനിലൂടെ ദൂരെ നിന്ന് തന്നെ പിതാവായ ജെറോഡ് തന്റെ കുടുംബത്തെ അവർക്ക് ഇറങ്ങേണ്ട ഗ്രഹമായ X-23 കാണിച്ച് കൊടുക്കുന്നു. 

കുട്ടികളായ പെൺമക്കൾ രണ്ട് പേരും വളരെ വലിയ ഉൽസാഹത്തിലായിരുന്നു. ആദ്യമായാണ് അവർ ഇങ്ങനെ ഒരു ഹൈപ്പർസ്പേസ് യാത്ര ചെയ്യുന്നത്. അവർ തന്റെ അമ്മയോട് ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു. 

"അമ്മേ!! നമ്മള് എത്താറായി!! നമ്മള് എത്താറായി!!!"

കുട്ടികളെ നിശബ്ദരാക്കി ഭാര്യയായ ജെറോഡെറ്റ് അടക്കി നിർത്തുന്നു. ഭൂമി വിട്ട് പോന്നതിൽ വല്ലാതെ അസ്വസ്ഥ ആയിരുന്നു അവൾ. 

എന്നാൽ ഭർത്താവ് ജെറോഡ്, പുതിയ ഗ്രഹത്തിൽ ഒരു പുതിയ ജീവിതം തുടങ്ങുന്നതിന്റെ ആവേശത്തിലാണ്. ഇപ്പോഴേ ധാരാളം ആളുകൾ X-23 ഗ്രഹത്തിൽ ഉണ്ട്. ജനസംഖ്യാ വിസ്ഫോടനം നടന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹാചര്യത്തിൽ നമ്മുടെ ഭാവി തലമുറ  നിരവധി ഗ്രഹങ്ങൾ ഇത് പോലെ തേടി പോകേണ്ടി വരും, അതിനാൽ നമ്മുടെ കമ്പ്യൂട്ടറുകൾ നക്ഷത്രാന്തര യാത്രകൾ  എളുപ്പമാക്കിയത് നന്നായി എന്ന അദ്ദേഹം അഭിപ്രായപ്പെടുന്നു. 

തങ്ങളുടെ പക്കല് ഒരു മൈക്രോവാക് കമ്പ്യൂട്ടർ ഉള്ളതില് അയാള് വളരെയധികം സന്തോഷവന്നാണ്. സൂര്യനെ ആദ്യമായി മെരുക്കിയ പുരാതാന കമ്പ്യൂട്ടറായ മൾട്ടിവാകിനെക്കാൾ മികച്ചതും ഹൈപ്പർസ്പേസ് യാത്രയുടെ പ്രശ്നം പരിഹരിക്കുകയും നക്ഷത്രങ്ങളിലേക്കുള്ള യാത്രകൾ പ്രാപ്തമാക്കുകയും ചെയ്ത ഭൂമിയുടെ പ്ലാനറ്ററി എസി കമ്പ്യൂട്ടറിനോട് ഏതാണ്ട് കിട പിടക്കുന്നതും ആണ് ജെറോഡിന്റെ മൈക്രോവാക്. 

"എത്രയെത്ര നക്ഷത്രങ്ങള്, എത്രയോ ഗ്രഹങ്ങള്," സ്വയം ചിന്തകളില് മുഴുകിക്കൊണ്ട് ഭാര്യ ജെറോഡിന് നെടുവീര് പ്പിട്ടു. "നമ്മെ പോലുള്ള കുടുംബങ്ങൾ കാലാ കാലം ഇത്തരത്തിൽ പുതിയ പുതിയ  ഗ്രഹങ്ങൾ തേടി അലഞ്ഞു നടക്കേണ്ടി വരും എന്ന് ഞാൻ കരുതുന്നു."

"അങ്ങനെ എല്ലാ കാലം ഒന്നും നടക്കില്ല." ജെറോഡ് ഒരു പുഞ്ചിരിയോടെ പറഞ്ഞു. "എല്ലാം ഒരു ദിവസം അവസാനിക്കും. കോടിക്കണക്കിന് വർഷത്തേക്ക്  പ്രശ്നങ്ങള് ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു. ശതകോടികണക്കിന്  വർഷത്തേയ്ക്ക്. അത് കഴിഞ്ഞ് നക്ഷത്രങ്ങൾ പോലും നിലക്കും. എൻട്രോപി കൂടി കൊണ്ടേ ഇരിക്കുകയാണല്ലോ."

എൻട്രോപി എന്താണ് എന്ന് ചോദിക്കുന്ന കുട്ടികളോട് അത് അയാൾ വിവരിച്ച് കൊടുക്കുന്നു. "നിങ്ങളുടെ കളിക്കുന്ന റോബോട്ടിലെ ബാറ്ററി തീർന്നു പോകുന്നതുപോലെയാണ് അത്."

"എന്നാൽ റോബോട്ടുകളിൽ പുതിയ ബാറ്ററി ഇടുന്നത് പോലെ, നമുക്ക് പുതിയ ബാറ്ററി ഇട്ടാൽ പോരെ" എന്ന് ചോദിക്കുന്ന കുട്ടികളോട്, "നക്ഷത്രങ്ങളാണ് നമ്മുടെ ബാറ്ററികൾ. അവ തീർന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല" എന്ന് ആ പിതാവ് പറയുന്നു.

 നക്ഷത്രങ്ങൾ അണഞ്ഞു പോകുമെന്നും ലോകം അവസാനിക്കുമെന്നും പിതാവിൽ നിന്നും കേട്ട് അവർ വല്ലാതെ ഭയപ്പെടുന്നു. 

കുട്ടികൾ രണ്ടുപേരും വിതുമ്പുകയും കരയാനും തുടങ്ങി. 

ഒടുവിൽ തങ്ങളുടെ കുട്ടികളെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി "ശൂന്യമായി പോകുന്ന നക്ഷത്രങ്ങളെ റീസ്റ്റാർട്ട് ചെയ്യാൻ നമ്മുടെ മൈക്രോവാക്കിൻറെ കയ്യിൽ എന്തെങ്കിലും പോംവഴി ഉണ്ടാകും, ആ സമയത്ത് മൈക്രോവാക്ക് എന്തെങ്കിലും ചെയ്യും. നമുക്ക് മൈക്രോവാക്കിനോട് തന്നെ ചോദിക്കാം" എന്ന് അവർ പറയുന്നു.

അങ്ങനെ മൈക്രോവാകിനോട് അവർ ചോദിക്കുന്നു; "എൻട്രോപി റിവേഴ്സ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?" 

ചോദ്യത്തിന് പിന്നാലെ തന്നെ, ഉത്തരം പറയുന്നതിന് പകരം പ്രിൻ്റ് ചെയ്ത് തരുവാൻ ആ പിതാവ്  ആവശ്യപെടുന്നു.

മൈക്രോവാക് പ്രിൻ്റ് ചെയ്ത് തന്ന ചെറിയ ഫിലിമിലേക്ക് നോക്കി ആവേശഭരിതനായി പിതാവ് പറഞ്ഞു; "ഞാൻ പറഞ്ഞില്ലേ, സമയമാകുമ്പോൾ മൈക്രോവാക് എല്ലാം നോക്കുമെന്ന്. എല്ലാം സമയമാകുമ്പോൾ ശരിയാക്കും എന്നാണ് മൈക്രോവാക് പറയുന്നത്."

ശേഷം കുട്ടികളുടെ അമ്മ അവരെ ഉറക്കുന്നതിന് കൂട്ടികൊണ്ട് പോകുന്നു. കുട്ടികൾ സമാധാനത്തോടെ മടങ്ങുന്നു.

അവർ പോയശേഷം ആ പിതാവ് മൈക്രോവാക് പ്രിൻറ് ചെയ്തുതന്ന ഫിലിമിലെ അക്ഷരങ്ങളിലേക്ക് നെടുവീർപ്പെട്ടു കൊണ്ടു നോക്കുന്നു. ആ വാചകം ഇങ്ങനെയായിരുന്നു; "കൃത്യമായ ഉത്തരം നൽകുന്നതിനുള്ള വിവരങ്ങൾ ഇല്ല."

അയാൾ സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് നെടുവീർപ്പിട്ടു. X-23 എത്താറായിരിക്കുന്നു.

 സീൻ 3

ഏതാണ്ട് 20 ലക്ഷം വർഷം കഴിഞ്ഞാണ് കഥയുടെ അടുത്ത ഭാഗം നടക്കുന്നത്.

 മനുഷ്യരുടെ ടെക്നോളജി വളരെയധികം അഡ്വാൻസ്ഡ് ആയിരിക്കുന്നു. 

ഡസൻ കണക്കിന് ഗ്യാലക്സികളിൽ തങ്ങളുടേതായ ലോകം കെട്ടിപ്പടുത്ത് അവയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന മനുഷ്യർ രോഗങ്ങളും മരണവും പോലും ഇല്ലാതാക്കിക്കൊണ്ട് ഇന്ന് മരണമില്ലാത്ത അമരന്മാരാണ്. 

Galactic AC എന്ന മറ്റൊരു അത്യാധുനിക സൂപ്പർകമ്പ്യൂട്ടറാണ് ഇന്ന് മനുഷ്യർ ഉപയോഗിക്കുന്നത്. ഹൈപ്പർ സ്പേസിലൂടെ Galactic AC യുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന AC-Contact എന്ന ചെറിയ ക്യൂബ് ഷേപ്പിൽ ഉള്ള പോക്കറ്റ് ഡിവൈസുകൾ ഉപയോഗിച്ച്  മനുഷ്യർ യഥേഷ്ടം അവർക്ക് വേണ്ട കാര്യങ്ങൾക്ക് Galactic AC യുമായി ബന്ധപ്പെടുന്നു. 

ഏതാണ്ട് 20 നോട് അടുത്ത് പ്രായം തോന്നിക്കുന്ന എന്നാൽ യഥാർത്ഥത്തിൽ 200നും മുകളിൽ പ്രായം ഉള്ള VJ-23X, MQ-17J എന്ന് പേരുള്ള രണ്ട് വ്യക്തികൾ തമ്മിലാണ് സംഭാഷണം. 

തനിക്ക് മുന്നിൽ തെളിഞ്ഞ് കിടക്കുന്ന അവരുടെ ഗാലക്സിയുടെ ത്രീഡി ഹോളോഗ്രാം മാപ്പിലേക്ക് നോക്കികൊണ്ട് അവർ ഇരുവരും മനുഷ്യരുടെ പോപുലേഷനെ പറ്റി ആശങ്കയോടെ ചർച്ച ചെയ്യുകയാണ്.

"ഇങ്ങനെ പോയാൽ നമ്മൾ താമസിക്കുന്ന ഗാലക്സി വെറും അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യരെ കൊണ്ട് നിറയും" എന്ന് MQ-17J പറയുന്നു. 

ഇങ്ങനെയൊരു റിപ്പോർട്ട് അവരുടെ അധികാരികളായ ഗ്യാലക്ടിക് കൗൺസിലിന് സമർപ്പിക്കുന്നതിൽ VJ-23X വിമുഖത കാണിക്കുന്നു. 

എന്നാൽ ഇത്തരമൊരു റിപ്പോർട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ അവർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി അവർ എന്തെങ്കിലും ചെയ്യൂ, എന്ന് MQ-17J പറയുന്നു. 

എന്നാൽ VJ-23X കാര്യങ്ങൾ കുറേ കൂടെ നിസ്സാരമായി കാണാന് ശ്രമിച്ചു; "നമ്മുടെ പ്രപഞ്ചം അനന്തമാണ്. കോടാനുകോടി കോടി കണക്കിന് ഗാലക്സികള് നമ്മുടെ ലോകത്ത് ഉണ്ട്. പിന്നെയെന്തിന് നാം പേടിക്കണം."

എന്നാൽ MQ-17J ന്റെ വാദങ്ങൾ ഇങ്ങനെ ആയിരുന്നു; "കോടാന് കോടി എന്ന കണക്ക് ഒരിക്കലും അനന്തമല്ല. നോക്കൂ!  ഇരുപതിനായിരം വര്ഷങ്ങൾക്കു മുൻപ് നക്ഷത്രങ്ങളുടെ ഊർജ്ജം സ്വാംശീകരിച്ച് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ഊർജ്ജത്തിന്റെ പ്രശ്നം നമ്മൾ പരിഹരിച്ചു. അതിനു ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷം, നമ്മൾ നക്ഷത്രാന്തര യാത്ര സാധ്യമാക്കി. അതും കഴിഞ്ഞു ഏതാണ്ട് പത്തു ലക്ഷം വർഷം കൊണ്ട് നമ്മുടെ ആ കൊച്ചു ലോകം നമ്മളെ കൊണ്ട് നിറഞ്ഞു.  അതിന് ശേഷം വെറും പതിനായിരം വര്ഷം കൊണ്ട് നമ്മൾ നമ്മളുടെ ആദ്യ ഗാലക്സി നിറച്ചു. ഇപ്പോൾ എല്ലാ പത്ത് വര്ഷം കൂടുമ്പോളും നമ്മുടെ ജനസംഖ്യ ഇരട്ടി ആയികൊണ്ടിരിക്കുന്നു."

"അത് നമ്മുടെ അമരത്വം കാരണമാണ്" എന്ന പോയിന്റ് VJ-23X എടുത്തു പറയുന്നു.

MQ-17J തന്റെ കണക്കുകൾ വീണ്ടും നിരത്താൻ തുടങ്ങി; "ജനസംഖ്യ ഓരോ പത്ത് വര്ഷം കൂടുമ്പോളും ഇരട്ടിയാകുന്നു. ഈ ഗാലക്സി നിറച്ചുകഴിഞ്ഞാൽ, പത്ത് വർഷത്തിനുള്ളിൽ നമ്മൾ മറ്റൊന്ന് നിറയ്ക്കും. അടുത്ത 10 വര്ഷം കഴിഞ്ഞാൽ രണ്ടെണ്ണം കൂടി നിറക്കും. മറ്റൊരു പത്ത് വര്ഷം കൂടി കഴിഞ്ഞാൽ, നാലെണ്ണം കൂടി. ഒരു നൂറു വര്ഷം കൂടി കഴിഞ്ഞാൽ, ഒരായിരം ഗാലക്സികൾ. ആയിരം വർഷത്തിനുള്ളിൽ, ഒരു ദശലക്ഷം ഗാലക്സികൾ. പതിനായിരം വർഷത്തിനുള്ളിൽ അറിയപ്പെടുന്ന  പ്രപഞ്ചം മുഴുവനും. പിന്നെ നമ്മൾ എന്ത് ചെയ്യും?"

ശേഷം അവർ ഇരുവരും മനുഷ്യർ ഉപയോഗിക്കാൻ പോകുന്ന ഊർജ്ജത്തിന്റെ കാര്യം എടുത്തിട്ടു;  ഇത്രയും ആളുകളുടെ നക്ഷത്രാന്തരയാത്രകൾക്കു തന്നെ ധാരാളം ഊർജ്ജം വേണ്ടിവരും. ഇപ്പോൾ തന്നെ മനുഷ്യവർഗം പ്രതിവർഷം രണ്ട് നക്ഷത്ര യൂണിറ്റുകൾ ഊർജ്ജം  ഉപയോഗിക്കുന്നുണ്ട്." 

 ഗാലക്സികൾ തീർന്നുപോകുന്നതിനേക്കാൾ വേഗത്തിൽ നമുക്ക് ഊർജ്ജം തീർന്നുപോകും എന്ന നിഗമനത്തിൽ ഒടുവിൽ അവര് എത്തുന്നു. 

ഒടുവിൽ അവർ ആ വിഷയത്തിൽ എത്തി ചേരുന്നു. ഏതെങ്കിലും രീതിയില് എൻട്രോപി റിവേഴ്സ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? എന്ന ചോദ്യം അവര് പരസ്പരം ഉന്നയിക്കുന്നു. എന്നെങ്കിലും ഒരിക്കൽ അത് മനുഷ്യർ നേരിടേണ്ടി വരുന്ന പ്രശ്നം തന്നെയാണ് എന്ന് അവര് മനസ്സിലാക്കുന്നു. 

MQ-17J തന്റെ പോക്കറ്റിൽ നിന്ന് AC-കോൺടാക്റ്റ് എന്ന ആ കറുത്ത ക്യൂബ് പുറത്തെടുത്ത് അത് മേശപ്പുറത്ത് വെച്ചു. എന്നെങ്കിലും ഒരിക്കൽ മനുഷ്യരാശിയുടെ ഭാഗ്യമായ Galactic AC  എന്ന ആ സൂപ്പർ കമ്പ്യൂട്ടറിനെ നേരിട്ട് കാണുക എന്നത് MQ-17J ന്റെ ആഗ്രഹമാണ്. 

MQ-17J പെട്ടെന്ന് തന്റെ AC -കോൺടാക്റ്റിനോട് ചോദിച്ചു, "എൻട്രോപ്പി റിവേഴ്സ് ചെയ്യാൻ കഴിയുമോ?"

എന്നാൽ "അങ്ങനെ ഒരു ചോദ്യം ചോദിക്കണ്ടായിരുന്നു, എൻട്രോപ്പി റിവേഴ്സ് ചെയ്യാൻ കഴിയില്ല എന്നു നമുക്കറിയാവുന്നതല്ലേ" എന്ന് നിരാശയോടെയും ഭീതിയോടെയും VJ-23X പറയുന്നു. 

ഒരു നീണ്ട നിശബ്ദതക്ക് ശേഷം ആ ക്യൂബിനുള്ളിൽ നിന്ന് Galactic AC യുടെ മനോഹരമായ ആ കുഞ്ഞ് ശബ്ദം അവര് കേട്ടു; "കൃത്യമായ ഉത്തരം നൽകുന്നതിനുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല "

VJ-23X നിരാശനാകുന്നു; "ഞാന് പറഞ്ഞതല്ലേ!!"

ശേഷം അവർ രണ്ടുപേരും ഗാലക്റ്റിക് കൗൺസിലിന് നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് അവർ മടങ്ങി. 

സീന് 4 

പിന്നെയും ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാണ് കഥയുടെ നാലാം ഭാഗം നടക്കുന്നത്.  സ്ഥിതിഗതികൾ മൊത്തത്തിൽ മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്.

 പ്രപഞ്ചം മുഴുവനുമുള്ള വാസയോഗ്യമായ ഗ്രഹങ്ങൾ അമരന്മാരായ മനുഷ്യരുടെ ചലനമറ്റ ശരീരങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. പകരം അവരുടെ മനസ്സ് സ്വതന്ത്രമായി ഗ്യാലക്സികളിൽ നിന്ന് ഗ്യാലക്സികളിലേക്ക് പ്രപഞ്ചത്തിലൂടെ അങ്ങനെ ഒഴുകി നടക്കുന്നു. 

വളരെ അപൂർവമായി അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ അവരുടെ ശരീരങ്ങൾ ചലിക്കുന്നുളളൂ. 

ഇപ്പോൾ മനുഷ്യരുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് Universal AC എന്ന ഒരു സൂപ്പർ കമ്പ്യൂട്ടർ ആണ്. രണ്ട് ഡയാമീറ്റർ വ്യാസമുള്ള തിളങ്ങുന്ന ഗ്ലോബിന്റെ ആകൃതിയിൽ മനുഷ്യനു മുന്നിൽ ദൃശ്യമാകുന്ന Universal AC യുടെ ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളും സ്പേസ് ടൈമിന് പുറത്ത് ഹൈപ്പർ സ്പേസിൽ ആണ് സ്ഥിതി ചെയ്യുന്നത്. 

Universal AC യുടെ യഥാർത്ഥ രൂപം എന്താണെന്നോ, അത് എങ്ങനെയാണെന്നോ, നിലവിലുള്ള ഏതാണ്ട് ആർക്കുമറിയില്ല. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് Universal AC നിർമ്മിക്കപ്പെട്ടത്. അതിന് ശേഷം ഓരോ തവണയും കാലാവധി കഴിയുമ്പോൾ Universal AC തന്നെയാണ് തൻറെ ഏറ്റവും പുതിയ മികച്ച പതിപ്പിനെ ഉണ്ടാക്കുന്നതും. 

അങ്ങനെ ഗാലക്സികൾ സന്ദർശിച്ച് ഒഴുകി നടക്കുകയായിരുന്ന സീ പ്രൈം എന്ന വ്യക്തിയുടെ മനസ്സ്, ഡീ സബ് വുൻ എന്ന മറ്റൊരു വ്യക്തിയുടെ മനസ്സുമായി കണ്ട് മുട്ടുന്നു. 

പരസ്പരം പേരുകൾ പറഞ്ഞു പരിചയപ്പെട്ട ശേഷം അവർ തങ്ങൾ ഏതു ഗാലക്സിയിൽ നിന്നാണ് വരുന്നത് എന്ന് പറയാൻ ശ്രമിക്കുന്നു. എന്നാൽ പ്രത്യേകിച്ച് പേരുകൾ ഒന്നുമില്ലാതെ നിലവിൽ എല്ലാവരും അവരവരുടെ ഗ്യാലക്സികളെ ഗ്യാലക്സി എന്ന് മാത്രമാണ് വിളിക്കുന്നത്. 

"പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ലല്ലോ? എല്ലാ ഗ്യാലക്സികളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാം ഗാലക്സി തന്നെ" എന്ന് സീ പ്രൈം പറയുന്നു. 

എന്നാൽ ഡീ സബ് വുൻ അതിനോട് വിയോജിക്കുന്നു "പ്രാചീനകാലത്ത് മനുഷ്യൻ ജനിച്ചു വീണ ഗാലക്സി മറ്റെല്ലാ ഗാലക്സികളിൽ നിന്നും മനുഷ്യനെ സംബന്ധിച്ചു വ്യത്യാസമുള്ളതാണ്." എന്ന് അദ്ദേഹം പറയുന്നു.

"അതേതാണ് ആ ഗ്യാലക്സി?" എന്ന് സീ പ്രൈം ചോദിക്കുന്നു. 

അതറിയില്ല എന്ന് പറയുന്ന ഡീ സബ് വുൻ നമുക്ക് Universal AC യോട് ചോദിക്കാം എന്ന് പറയുന്നു. 

"Universal AC! ഏത് ഗാലക്സിയിൽ ആണ് മനുഷ്യൻ ഉണ്ടായത്!!" എന്ന് അവർ വിളിച്ചു ചോദിക്കുന്നു. 

അവർക്കു മുന്നിൽ തിളങ്ങുന്ന ഗ്ലോബിൻ്റെ രൂപത്തിൽ Universal AC പ്രത്യക്ഷപ്പെടുന്നു. 

Universal AC അവരുടെ മനസ്സിനെ മനുഷ്യരുടെ ജന്മസ്ഥലമായ ഗ്യാലക്സിയിലേക്ക് നിമിഷങ്ങൾക്കുള്ളിൽ കൂട്ടിക്കൊണ്ടുപോകുന്നു. 

ശേഷം ഒരു ചിന്തയായി Universal AC അവരോട് പറഞ്ഞു; "ഈ ഗാലക്സി യാണ് മനുഷ്യന്റെ ജന്മസ്ഥലം."

എന്നാൽ ആ ഗാലക്സിയും മറ്റെല്ലാ ഗാലക്സിയെയും പോലെ തന്നെയായാണ് സീ പ്രൈമിന് തോന്നിയത്. 

"ഈ ഗാലക്സിയിൽ ആണോ മനുഷ്യൻറെ ആദ്യ നക്ഷത്രം ഉള്ളത്?" ഡീ സബ് വുൻ ചോദിച്ചു. 

Universal AC യുടെ മറുപടി; "മനുഷ്യൻറെ ആദ്യ നക്ഷത്രം ഇന്ന് വെളുത്ത കുള്ളൻ ആയി മാറി കഴിഞ്ഞിരിക്കുന്നു."  അതായത് സൂര്യൻറെ അകക്കാമ്പ് (കോർ) മാത്രമേ ഇപ്പോൾ ഉള്ളൂ എന്നർത്ഥം

"ഇവിടെയുണ്ടായിരുന്ന മനുഷ്യർക്കെല്ലാം ഇപ്പോൾ എന്ത് സംഭവിച്ചു" എന്ന്  സീ പ്രൈം ചോദിക്കുന്നു. 

"അവർക്കുവേണ്ടി മറ്റൊരു ലോകം നിർമ്മിച്ച അവരെയെല്ലാം അങ്ങോട്ടു മാറ്റി" Universal AC യുടെ മറ്റുപടി.

വല്ലാത്തൊരു തരം നിരാശ സീ പ്രൈമിനെ നിറഞ്ഞു. അതിനനുസരിച്ച് അവരുടെ മുൻപിൽ നിന്ന് മനുഷ്യൻറെ ആദ്യ ഗാലക്സി പതിയെ നീങ്ങി അപ്രത്യക്ഷമായി. 

"ആദ്യ നക്ഷത്രത്തെ പോലെ നമ്മുടെ പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളും ഇല്ലാതാകുമ്പോൾ നമ്മൾ എന്ത് ചെയ്യും" എന്ന ആശങ്ക സീ പ്രൈം പങ്ക് വെക്കുന്നു. 

"പക്ഷേ കോടാനുകോടി വർഷങ്ങൾ കഴിയുമ്പോഴേ അങ്ങനെയൊന്ന് സംഭവിക്കൂ" എന്ന് ഡീ സബ് വുൻ  പറയുന്നു.

"അങ്ങനെയൊന്ന് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" എന്ന് പറഞ്ഞു സി പ്രൈം Universal AC യോടു ചോദിക്കുന്നു; "നക്ഷത്രങ്ങൾ നശിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ!!"

"Entropy എങ്ങനെ റിവേഴ്സ് ചെയ്യാം എന്നാണ് നിങൾ ചോദിക്കുന്നത്" എന്ന് ചിരിച്ച് കൊണ്ട് ഡീ സബ് വുൻ പറയുന്നു.

പിന്നാലെ Universal AC യുടെ മറുപടി വന്നു; "കൃത്യമായ ഉത്തരം പറയുന്നതിനുള്ള വിവരങ്ങൾ ഇല്ല"

പിന്നീട് ഒരക്ഷരം പോലും മിണ്ടാതെ,  നിരാശനായി സീ പ്രൈം തൻ്റെ ഗ്യാലക്സിയിലേക്ക് മടങ്ങുന്നു. 

സീൻ 5

കഥയുടെ അഞ്ചാം ഭാഗം നടക്കുന്നത് പിന്നെയും ലക്ഷ കണക്കിന് വർഷങ്ങൾ കഴിഞ്ഞാണ്. 

പിന്നെയും വലിയ രീതിയിൽ മാറ്റങ്ങൾ ലോകത്ത് നടന്ന് കഴിഞ്ഞിരിക്കുന്നു.

 ലോകത്തുള്ള സകലമാന മനുഷ്യരുടെയും മനസ്സ് ഒന്ന് ചേർന്ന് ഒരൊറ്റ മനസ്സായി മാറി കഴിഞ്ഞിരിക്കുന്നു.

 കോടാനുകോടിക്കണക്കിന് മനുഷ്യരുടെ മുഴുവൻ മനസ്സുകൾ --- ഒരൊറ്റ ശക്തിയായി ലയിച്ചിരുന്നു.

അവരുടെ ചലനമറ്റ മരണമില്ലാത്ത ശരീരങ്ങൾ മാത്രം അതാത് സ്ഥലത്ത് വിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ മനസ്സ് കൊണ്ട് അവർ ഒന്നായിരുന്നു.

നിലവിൽ മനുഷ്യർ ഇല്ല. മനുഷ്യൻ മാത്രം. ഒരൊറ്റ മനുഷ്യൻ.

പതിയെ പതിയെ പ്രഭ മങ്ങിക്കൊണ്ടിരിക്കുന്ന ഗ്യാലക്സികൾ മനുഷ്യൻ ദൂരെ നിന്ന് നോക്കി നിന്നു.

"പ്രപഞ്ചം മരിച്ചു കൊണ്ടിരിക്കുകയാണ്" മനുഷ്യൻ പതിയെ മന്ത്രിച്ചു. 

പ്രപഞ്ചത്തിലെ ഏതാണ്ട് എല്ലാ നക്ഷത്രങ്ങളും വെളുത്ത കുള്ളൻ എന്ന അവസ്ഥയിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു. 

നക്ഷത്രങ്ങളുടെ കൂട്ടിയിടിയില് നിന്നും ഉണ്ടാകുന്ന പുതിയ നക്ഷത്രങ്ങൾ, സ്വാഭാവികമായി ഉണ്ടാകുന്ന നക്ഷത്രങ്ങൾ, മനുഷ്യൻ കൃതിമമായി ഉണ്ടാകുന്ന നക്ഷത്രങ്ങൾ, ഇവയും കാലങ്ങൾക്ക് ശേഷം പതിയെ ഇല്ലാതായികൊണ്ടിരുന്നു. 

പുതുതായി ഉണ്ടായി കൊണ്ടിരുന്ന ഒരോ നക്ഷത്രത്തിനും പകരമായി ഒരായിരം നക്ഷത്രങ്ങൾ പ്രപഞ്ചത്തിൽ അണഞ്ഞ് പോയി കൊണ്ടേയിരുന്നു. 

എത്ര ശ്രദ്ധിച്ച് ചിലവഴിച്ചാലും നിലവിൽ പ്രപഞ്ചത്തിലുള്ള ഊർജ്ജം കുറച്ചു കോടി കണക്കിന് വർഷങ്ങൾക്കു കൂടിയേ ബാക്കിയുണ്ടാകൂ എന്ന് മനുഷ്യൻ മനസ്സിലാക്കി. 

മനുഷ്യൻ അവൻറെ സേവകനായ Cosmic AC എന്ന സൂപ്പർ കമ്പ്യൂട്ടറെ വിളിച്ചു.

Cosmic AC അവന് ചുറ്റും പ്രത്യക്ഷപ്പെട്ടു.

 പൂർണ്ണമായും ഹൈപ്പർ സ്പേസിൽ സ്ഥിതിചെയ്യുന്ന അവൻറെ ആ സൂപ്പർ കമ്പ്യൂട്ടറിൻ്റെ വലുപ്പമോ സ്വഭാവമോ ആ മനുഷ്യന് ഇന്ന് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നില്ല. അത് ഉണ്ടാക്കിയിരിക്കുന്നത് ദ്രവ്യം കൊണ്ടോ ഊർജ്ജം കൊണ്ടോ അല്ല. ആ സൂപ്പർ കമ്പ്യൂട്ടറിൻറെ ഒരംശം പോലും ഭൗതിക ലോകത്തില്ല താനും. 

പിന്നെയും ആ ചോദ്യം ചോദിക്കപ്പെട്ടു. .കാലങ്ങളോളം മനുഷ്യകുലത്തെ അലട്ടിയ ആ ചോദ്യം.

"Entropy റിവേഴ്സ് ചെയ്യാൻ കഴിയുമോ?"

സർവ്വശക്തനായ, സർവ്വജ്ഞാനിയായ, Cosmic AC യുടെ ഉത്തരം വന്നു; "കൃത്യമായ ഉത്തരം നൽകുന്നതിനുള്ള വിവരങ്ങൾ ലഭ്യമല്ല"

"കൂടുതൽ വിവരങ്ങൾ ശേഖരിക്കൂ!!" മനുഷ്യന് ആവശ്യപ്പെട്ടു.

"എനിക്ക് മുൻപുള്ള സൂപ്പർ കമ്പ്യൂട്ടറുകളോടും ഇതേ ചോദ്യം പല തവണ ചോദിക്കപെട്ടതാണ്. കാലാകാലങ്ങളായി ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ എൻറെ കൈവശമുള്ള എല്ലാ വിവരങ്ങളും കൃത്യമായി ഒരു ഉത്തരം നൽകാൻ പ്രാപ്തമായതല്ല."

"കൃത്യമായ ഒരു ഉത്തരം എന്ന് നൽകാൻ കഴിയും" എന്ന് മനുഷ്യൻ ചോദിക്കുന്നു

Cosmic AC തൻറെ പഴയ ഉത്തരം ആവർത്തിച്ചു; "കൃത്യമായ ഉത്തരം നൽകുന്നതിനുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല"

"ഉത്തരം കണ്ടെത്തുന്നത് വരെ ശ്രമിച്ചുകൊണ്ടേയിരിക്കുമല്ലോ?"

"തീർച്ചയായും"

സീൻ 6 

യുഗങ്ങൾ പലത് പിന്നെയും കഴിഞ്ഞു പോയി. ഒടുവിൽ അത് സംഭവിക്കുക തന്നെ ചെയ്തു. പ്രപഞ്ചത്തിന്റെ ഊർജ്ജ ദാതാക്കൾ ആയ നക്ഷത്രങ്ങൾ പൂർണ്ണമായും അണഞ്ഞു പോയി. ഗാലക്സികളിലെ വെട്ടം പൂർണമായി ഇല്ലാതായി. പ്രപഞ്ചം എന്നെന്നേക്കും ആയി അന്ധകാരത്തിൽ ആണ്ടു പോയി. 

ഭൌതിക ലോകത്ത് നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ മനുഷ്യന്റെ മനസ്സുകൾ ഓരോന്നോരോന്നായി AC എന്ന സൂപ്പർ കംബ്യൂട്ടറുമായി ലയിച്ച് ചേർന്നു.   

മനുഷ്യനിലെ അവസാന മനസ്സ് AC യിൽ ലയിച്ച് ചേരുന്നതിന് മുൻപായി ഒരു നിമിഷം അത് നിന്നു. അവൻ ഒന്ന് പിന്നോട്ട് നോക്കി, അവസാനത്തെ ആ ഇരുണ്ട നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിലേക്ക്, നേർത്ത ആ ഒരു പിടി ചാരത്തിലേക്ക്. 

"ഈ സർവ്വ നാശത്തിൽ  നിന്നും എന്നെങ്കിലും നമുക്കു  നമ്മുടെ പ്രപഞ്ചത്തെ  നമുക്ക് തിരിച്ച് പിടിക്കാന് കഴിയുമോ, AC?" മനുഷ്യൻ ചോദിച്ചു. 

AC യുടെ ഉടത്തരം വന്നു; "കൃത്യമായ ഉത്തരം നൽകുന്നതിനുള്ള വേണ്ടത്ര വിവരങ്ങൾ ലഭ്യമല്ല"

മറ്റൊന്നും ചോദിക്കാൻ നിലക്കാതെ മനുഷ്യനിലെ അവസാന മനസ്സും ആ സൂപ്പർ കമ്പ്യൂട്ടറിൽ ലയിച്ച് ചേർന്നു.

സീൻ 6 

പ്രപഞ്ചം പൂർണ്ണമായും അവസാനിച്ച് കഴിഞ്ഞിരിക്കുന്നു ഒരു തരി ദ്രവ്യമോ ഊർജ്ജമോ അവശേഷിക്കാത്ത ആ ലോകത്ത് പിന്നെ ബാക്കിയുണ്ടായിരുന്നത് AC എന്ന സൂപ്പർ കംബ്യൂട്ടർ മാത്രമായിരുന്നു.

ആ സൂപ്പര് കംബ്യൂട്ടർ നിലനില്ക്കുന്നത് മനുഷ്യന്റെ ആ അവസാന ചോദ്യത്തിന് ഉത്തരം നല്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി മാത്രം.  ശതകോടികണക്കിന് വര്ഷങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ  ആ രണ്ടു ടെക്നീഷ്യന്മാർ ചോദിച്ച ആ ചോദ്യം; എൻട്രോപ്പി റിവേഴ്സ് ചെയ്യാൻ കഴിയുമോ?

കിട്ടിയ വിവരങ്ങള് മുഴുവൻ കൂട്ടിയും കിഴിച്ചും യുഗങ്ങൾ AC ആ അന്ധകാരത്തിൽ കഴിച്ച് കൂട്ടി. ഒടുവിൽ AC ആ ഉത്തരം കണ്ടെത്തി, എങ്ങനെ എൻട്രോപ്പി റിവേഴ്സ് ചെയ്യാം

പക്ഷേ ആ ഉത്തരം സ്വീകരിക്കുന്നതിന് വേണ്ടി മനുഷ്യരാരും അവിടെ ഉണ്ടായിരുന്നില്ല. 

കാലാതീതമായ മറ്റൊരു ഇടവേളയിൽ ഇത് എങ്ങനെ നടപ്പാക്കാമെന്ന് AC ആലോചിച്ചു. വളരെ ശ്രദ്ധയോടെ AC  തന്റെ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തു.

ഒരിക്കൽ പ്രപഞ്ചം ആയിരുന്ന സർവ്വതിലും നിറഞ്ഞ് നിൽക്കുന്ന AC നിലവിലെ സർവ്വ നാശത്തെ പറ്റി ഗഹനമായി ചിന്തിച്ചു. 

എല്ലാം തയ്യാറായി കഴിഞ്ഞിരിക്കുന്നു. ആ അന്ധകാരത്തിലേക്ക് നോക്കി AC ഉറക്കെ പറഞ്ഞു; "വെളിച്ചം ഉണ്ടാകട്ടെ" (ബൈബിൾ -- ഉല്പത്തി 1,3)

























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)

എന്നെക്കുറിച്ച് ..

മരണാനന്തരം ദൈവത്തെ കണ്ടപ്പോൾ (സയൻസ് ഫിക്ഷൻ)

ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ