ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ
നന്നായി ഒന്ന് പേടിക്കാൻ ഒരു നല്ല ഹൊറർ സിനിമയോ നോവലോ വായിക്കണം. പക്ഷേ അവിടെയാണ് പ്രശ്നം. കൊള്ളാവുന്ന ഹൊറർ സിനിമകളോ കഥകളോ നിലവില് ഇറങ്ങുന്നില്ല. അല്ലെങ്കിൽ തീരെ കുറവാണ് എന്ന് തന്നെ പറയാം.
മണിക്കൂറുകൾ ചിലവിട്ട് കുത്തിയിരുന്ന് കണ്ട ശേഷം അല്ലെങ്കിൽ വായിച്ച് കഴിഞ്ഞ ശേഷം ആയിരിക്കും നമ്മൾ തിരിച്ചറിയുന്നത്, കഥ വെറും ചവർ ആയിരുന്നുവെന്ന്.
നമ്മെ ഒന്ന് ഞെട്ടിക്കാന് അത്തരം കഥകൾക്കും സിനിമകൾക്കും കഴിഞ്ഞേക്കും. പക്ഷേ ഞെട്ടാൻ ഇപ്പോ പ്രേതകഥകളുടെ ആവശ്യം ഇല്ലല്ലോ. അതിന് ഇടയ്ക്കിടെ നമ്മളെ "ഠോ!!" എന്ന് പറഞ്ഞ് പിന്നിൽ നിന്ന് പേടിപ്പിക്കാന് നമ്മടെ തല തിരിഞ്ഞ നമ്മടെ ചങ്ങായിമാരെ ആരെയെങ്കിലും പറഞ്ഞ് എൽപ്പിച്ചാൽ മതി.
എന്നാൽ ഭയം എന്ന് പറയുന്നത് അങ്ങനെയല്ല, അത് മറ്റൊന്നാണ്!!! അത് ഒറ്റ ഞെട്ടലിൽ തീരില്ല. അത് പല രാത്രികളിൽ നമ്മുടെ ഉറക്കം കെടുത്തും. ഓർക്കുന്ന നിമിഷങ്ങളിൽ എല്ലാം നമ്മുടെ ശരീരത്തിലെ ഒരോ രോമവും എഴുന്നേൽറ്റ് നിൽക്കും. നമ്മുടെ ചുറ്റുമുള്ള ഇരുട്ടിനെ നമ്മൾ സംശയത്തോടെ നോക്കും...
നന്നായി ഒന്ന് ഭയപ്പെടാൻ അത്തരം നീണ്ട സിനിമകളുടെയോ കഥകളുടെയോ ആവശ്യം തന്നെ വേണം എന്നില്ല. ചിലപ്പോൾ ഒന്നോ രണ്ടോ വരികള് തന്നെ മതിയാകും അത്തരം മനോഹരമായ അനുഭവങ്ങൾ നമുക്ക് സമ്മാനിക്കാൻ. ഇന്റര്നെറ്റിലും മറ്റും കണ്ട് ശീലിച്ച ചില കുഞ്ഞ് ഹൊറർ-പ്രേതകഥകൾ ഞാന് ചുവടെ കൊടുക്കുന്നു. ഈ വരികൾക്കിടയിൽ ഉണ്ടാകും ഒരു നിമിഷ നേരത്തേക്കെങ്കിലും നിങ്ങളുടെ രക്തത്തെ ഉറച്ച് കട്ടയാക്കാൻ പോന്ന കഥകൾ. ഇവയിലെ ഏതെങ്കിലും വരികൾക്ക് ഉറപ്പായും സാധിക്കും, ഒരു നിമിഷ നേരത്തേക്കെങ്കിലും നിങ്ങളുടെ ഹൃദയത്തെ നിശ്ചലമാക്കാൻ, നിങ്ങളുടെ ഉറക്കം കളയാൻ.
1.
![]() |
| source of image |
വല്ലാത്തൊരു അവസ്ഥയാണ് ഇത്!!! സംസാരിക്കാൻ കഴിയുന്നില്ല, ശ്വാസം വിടാൻ കഴിയുന്നില്ല, ഒന്നും കേൾക്കാനോ, അനങ്ങാനോ, പോലും പറ്റുന്നില്ല. ഇത്രമാത്രം ബുദ്ധിമുട്ടാണിത് എന്ന് അറിയാമായിരുന്നെങ്കിൽ എൻ്റെ ശരീരം ദഹിപ്പിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞേനെ...
2.
ചില്ലിൽ ആഞ്ഞുള്ള തട്ടലും മുട്ടലും കേട്ടാണ് ഞാൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റത്. ആദ്യം ജനാലയിലേക്കാണ് ഞാൻ നോക്കിയത്, എന്നാൽ ജനാലയ്ക്ക് പുറത്ത് ആരെയും കാണാനായില്ല. പിന്നെയും മുട്ടൽ കേട്ട് പുറകിലേക്ക് നോക്കുമ്പോൾ, ഞാൻ കണ്ടു; അലമാരയുടെ കണ്ണാടിക്കുള്ളിൽ ഇരുന്ന് ആഞ്ഞ് മുട്ടികൊണ്ട് എന്നെ നോക്കി വികൃതമായി പുഞ്ചിരിക്കുന്ന എൻറെ പ്രതിബിംബത്തെ.
3.
![]() |
| sources (1) (2) |
രാത്രി ഉറക്കെയുള്ള എൻ്റെ മകളുടെ കരച്ചിലുകളും അലറി വിളികളും എനിക്ക് വല്ലാതെ അസഹനീയമാവുന്നു. എനിക്കൊന്ന് കണ്ണടയ്ക്കാൻ പോലും ആകുന്നില്ല. മകളുടെ ശവക്കല്ലറ സന്ദർശിച്ചു പലതവണ ഞാൻ അവളോട് അപേക്ഷിച്ചു, എന്നെ വെറുതെ വിടുവാൻ. പക്ഷേ ഫലമുണ്ടായില്ല.
4.
![]() |
| source of image |
കഴിഞ്ഞ രാത്രി എൻ്റെ ഭാര്യ ഉറങ്ങി കിടന്ന എന്നെ തട്ടി എഴുന്നെപ്പിച്ച് പരിഭ്രാന്തിയോടെ എന്നോട് "നമ്മുടെ വീടിനകത്ത് ആരോ ഉണ്ട്" എന്ന് എന്നോട് സ്വകാര്യം പറഞ്ഞു.
ചാടിയെഴുന്നേറ്റു പേടിയോടെ ചുറ്റും നോക്കിയ ഞാൻ പിന്നീടാണ് പതിയെ മനസ്സിലാക്കിയത്; രണ്ട് കൊല്ലം മുൻപ് ഇത് പോലൊരു രാത്രിയിലാണ് എൻ്റെ ഭാര്യയെ ഈ മുറിയിൽ, എന്റെ മുന്നിലിട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ ചിലർ കൊന്നത്.
5.
മുകളില് നിന്ന് കേട്ട ചില കരച്ചിലുകളും വിതുമ്പലുകളും ആണ് എന്നെ ആ മനോഹരമായ സ്വപ്നത്തില് നിന്ന് ഉണർത്തിയത്. പെട്ടിക്കുള്ളിലെ ചുറ്റുമുണ്ടായിരുന്ന ഇരുട്ടിൽ കിടന്ന് അലറി വിളിച്ച് കൊണ്ടിരിക്കവെ, ഞാൻ കേട്ടു: എൻ്റെ മുകളിൽ നിന്ന് ആരൊക്കെയോ കൈക്കോട്ട കൊണ്ട് മണ്ണിട്ട് മൂടുന്ന ശബ്ദം.
6.
എല്ലാം കഴിഞ്ഞ് ഭൂമിയിലെ അവസാന മനുഷ്യൻ തൻ്റെ റൂമിൽ ഒറ്റക്കിരിക്കവെ അവൻ കേട്ടു; അവൻ്റെ വാതിൽക്കൽ സൗമ്യമായ മൂന്ന് മുട്ടലുകൾ.
7.
![]() |
| source of image |
പാതി രാത്രി താഴെ അടുക്കളയിൽ നിന്ന് ഉറക്കെയുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. അരിശത്തോടെ കണ്ണ് തിരുമ്മി തുറന്ന് താഴേക്ക് പോവാൻ കോണിപ്പടി ലക്ഷ്യം വച്ച് നീങ്ങവേ ഞാൻ കേട്ടു, തൊട്ടടുത്ത കുളിമുറിയിൽ നിന്ന് എൻ്റെ അമ്മയുടെ അടക്കി പിടിച്ച ശബ്ദം; "മോനെ... അങ്ങോട്ട് പോകരുത്.... അത് ഞാനല്ല..."
8.
"എനിക്ക് ഉറക്കം വരണില്ല," അവള് അവൻ്റെ ചെവിയിൽ ചിണുങ്ങി.
ഒരു മരവിപ്പോടെ അവൻ ചാടി എഴുന്നേറ്റു, തൊട്ടടുത്ത് കിടന്ന, തൻ്റെ ഭാര്യ മരിക്കുന്നതിനു മുൻപ് ധരിച്ചിരുന്ന വസ്ത്രം അവൻ കയ്യിലെടുത്ത്, അത് ഒരിക്കൽ കൂടി മാറോടണച്ച് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൻ കട്ടിലിലേക്ക് തല ചായ്ച്ചു.
9.
എൻ്റെ പ്രതിബിംബം എന്നെ നോക്കി കണ്ണ് ചിമ്മി.
10.
കുറച്ച് മണിക്കൂറുകൾ ആയി എൻ്റെ അമ്മ മുൻപിലെ വാതിൽക്കൽ വന്ന് അലറി വിളിക്കാൻ തുടങ്ങിയിട്ട്. കഴുത്ത് ഞെരിച്ചു അമ്മയെ കൊന്നത് അവൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു.
11.
ചുമ്മാ തമാശക്ക് ഓജോ ബോർഡ് ഒന്ന് ഉപയോഗിച്ചതാണ്. ഒരൊറ്റ ചോദ്യമേ ചോദിചുള്ളൂ, എന്നിട്ട് ബോർഡ് എടുത്തു വെക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ദേ കിടക്കുന്നു ഞാൻ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം --- സീലിങ്ങിൽ രക്തത്തിൽ എഴുതി വച്ചിരിക്കുന്നു.
12.
വീടുടമസ്ഥനോട് ഞാൻ കാര്യം പറഞ്ഞു; "താഴെയുള്ള താമസക്കാർ വല്ലാത്ത ശല്യക്കാർ ആണ്. പാതിരാത്രി എപ്പോഴും അവിടെ നിന്ന് ഒച്ചപാടും ബഹളവും കേൾക്കാം." എന്നാല് ഒന്നും മനസ്സിലാകാതെ അയാൾ എന്നോട് തിരിച്ച് പറഞ്ഞു: "അതിന് അവിടെ ആരും താമസം ഇല്ലല്ലോ??"
13.
കളി കഴിഞ്ഞ് തിരിച്ച് എത്തിയ എന്നോട് അമ്മ പറഞ്ഞു; "നിൻ്റെ പെങ്ങൾ എനിക്ക് തലക്ക് സ്വര്യം തരുന്നില്ല...അവളോട് മിണ്ടാതിരിക്കാൻ പറ!!!"
ഞാന് tharich നിന്ന് പോയി. എൻ്റെ പെങ്ങളെ 2002 ൽ കാണാതായതായതാണ്, രണ്ട് കൊല്ലത്തിനു ശേഷം അവളുടെ ബോഡിയും കിട്ടി.
14.
കയറിൽ പിടിച്ചു തൂങ്ങിയാടി കളിക്കുന്ന കുട്ടികളെ ഞാൻ പുഞ്ചിരിയോടെ നോക്കിനിന്നു. പക്ഷേ എൻ്റെ അടുത്ത് നിന്ന ചേട്ടൻ എന്നോട് പറഞ്ഞു; അവർ കയറിൽ തൂങ്ങി ആടി കളിക്കുകയല്ല, കയറിൽ കെട്ടി തൂക്കി ഇട്ട അവരുടെ ശരീരം കാറ്റിൽ ആടുന്നതാണത്രെ അത്.
![]() |
| source of image |
15.
എൻ്റെ ചേച്ചി ഇടക്കിടെ ഓടി വന്ന് എൻ്റെ ചെവിട്ടിൽ പറയാറുണ്ട്, "അമ്മയെ വിശ്വസിക്കരുത്, അമ്മ നമ്മളെ കൊല്ലും," എന്ന്.
ഇത് ഞാൻ അമ്മയോട് പറയുമ്പോൾ അമ്മ എന്നോട് പറയും; "എത്ര തവണ നിന്നോട് പറയണം. നിനക്ക് അങ്ങനെ ഒരു ചേച്ചിയില്ല. നീ ഒറ്റ മകനാണ് എന്ന്."
16.
സംസ്കാര ചടങ്ങുകൾക്ക് ഞാൻ ഒരുപാട് വൈകിയാണ് എത്തിയത് എന്ന് എനിക്കറിയാം. അത് കൊണ്ടാണ് എന്റെ സുഹൃത്തുക്കളും ബന്ധുകളും എന്നോട് സംസാരിക്കാനോ മിണ്ടാനോ തയ്യാറാകാത്തത് എന്നാണ് ഞാന് കരുതിയത്. എന്നാൽ തിങ്ങി ഞെരുങ്ങി മുമ്പിൽ എത്തി ശവപ്പെട്ടിയിലേക്ക് നോക്കിയപ്പോൾ ആണ്, എനിക്ക് കാര്യം മനസ്സിലായത്; അതിനുള്ളിൽ കിടക്കുന്നത് ഞാനാണ്.
17.
ഏലാ ദിവസവും കാലത്ത് എന്റെ ഭർത്താവ് എന്നോട് പറയും: "ഞാന് നിന്നെ ഒരുപാട് സ്നേഹിക്കുന്നു."
പക്ഷേ ഇത് കുറേ അസഹനീയമാകുന്നുണ്ട്. രണ്ട് കൊല്ലം മുൻപാണ് ഞാന് അയാളെ കൊന്നത് . ഇപ്പോഴും ഇത് നിർത്താറിയില്ല എന്ന് പറഞ്ഞാൽ....
18.
കൊല്ലം ഇത്ര കഴിഞ്ഞിട്ടും ആ നശിച്ച പട്ടി എന്റെ ഗേറ്റിനടുത്ത് നിന്ന് പോകുന്നില്ല. ഞാൻ കാലത്ത് ജോലിക്ക് പോകുമ്പോളും വൈകീട്ട് തിരിച്ച് വരുമ്പോളും അത് അവിടെ തന്നെ ഉണ്ട്. ആ നായയുടെ യജമാനന്റെ ചോരയുടെ മണം ഇപ്പോഴും അതിന് എന്റെ കയ്യില് നിന്ന് കിട്ടുന്നുണ്ട് എന്ന് തോന്നുന്നു.
19.
അവളുടെ പ്രിയപ്പെട്ട പാട്ട് പാടി കൊണ്ട് ഞാന് എന്റെ മകളുടെ കട്ടിലിനരികിൽ ഇരുന്നു. മുറി വിട്ട് പോകുന്നതിന് മുൻപ് കുനിഞ്ഞു മൃദുവായി ഞാന് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു.
അവൾ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഞാന് എല്ലാ ദിവസവും ചെയ്യുന്നതാണിത്. എന്നാൽ ശേഷം ഉള്ള അവളുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു. "അമ്മേ!! ഒന്ന് നിർത്തുന്നുണ്ടോ?!!! അമ്മ മരിച്ചതല്ലേ?
20.
ഞാൻ പള്ളിയിൽ പോകുന്നത് നിർത്തി, കാരണം ദൈവം എനിക്ക് ഉത്തരം നാൽകുന്നേയില്ല . എന്നാൽ പിശാച് എല്ലാ രാത്രിയിലും എന്നോട് സംസാരിക്കാറുണ്ട്.
21.
എന്റെ ഭർത്താവിന്റെ കൈ എന്നെ ഞെരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ പിന്നെയാണ് ഞാൻ ഓർത്തത്, അവൻ മരിച്ചിട്ട് നാളുകളായി, ഞാൻ എന്റെ അപ്പാർട്ട്മെന്റിൽ ഇപ്പോൾ തനിച്ചാണ്.
22.
ഞാൻ കണ്ണാടിയിൽ എന്റെ മേക്കപ്പ് ഒന്ന് പരിശോധിക്കാൻ ശ്രമിച്ചു. പക്ഷേ, എന്റെ പ്രതിബിംബം അതിൽ കാണാൻ ഉണ്ടായിരുന്നില്ല.
23.
ഞാൻ മരിച്ചു എന്നാണ് തോന്നുന്നത്. പക്ഷേ, മറ്റുള്ള ആത്മാക്കൾ എന്നോടു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു; ഞാൻ മരിച്ചിട്ടില്ലെന്ന്.
24.
രാത്രി കിടക്കയില് നിന്ന് എഴുന്നേറ്റ് ഞാന് ജനാലയിലൂടെ മുറ്റത്തെ കൂരിരിട്ടിലേക്ക് ഉറ്റു നോക്കി. എല്ലാം നിശബ്ദമാണ്. ഒരൊച്ച പോലും കേൾക്കാനില്ല.
എന്നാൽ എന്റെ വീടിനെ ഉറ്റു നോക്കികൊണ്ട് മുറ്റത്ത് നിൽക്കുന്ന വെള്ള വസ്ത്ര ധാരികളായ ഒരു പറ്റം ആളുകളെ കാണുമ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നുന്നു.
25.
കാട്ടിനുള്ളിലെ വാടകക്കെടുത്ത ആ വീട്ടിലെ കൊച്ചു ചുമരുകൾക്കിടയിൽ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അതിന്റെ ചുമരുകളിലെ ചിത്രങ്ങളിൽ ഉള്ള വികൃതമായ മനുഷ്യ രൂപങ്ങൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ആ ചിത്രങ്ങൾ എന്നെ വല്ലാതെ ഉറ്റു നോക്കുന്നത് പോലെ എനിക്ക് തോന്നുന്നു.
എന്നാൽ നേരം വെളുത്ത് ആ ഒഴിഞ്ഞ ചുമർ ചിത്രങ്ങൾ കണ്ടപ്പോള് ആണ് എനിക്ക് മനസ്സിലായത്, അവ ചിത്രങ്ങൾ ആയിരുന്നില്ല, അവ ജനാലകള് ആയിരുന്നു.
26.
ഈ കാട്ടിൽ ഏതോ ഭീകരജീവി താമസിക്കുന്നുണ്ട് എന്നാണ് ഈ നാട്ടുകാർ മുഴുവൻ പറയുന്നത്. ഞാൻ കൊല്ലം കുറെ ആയി ഈ മരങ്ങൾക്കിടയിൽ താമസം ആക്കിയിട്ട്. ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല ഒരു ഭീകരജീവിയേയും
27.
പ്രേതബാധക്ക് പേര് കേട്ട ആ ബംഗ്ലാവിനുള്ളിലേക്ക് ഒരു വെല്ലവിളി ഏറ്റെടുത്തുകൊണ്ടാൻ അവൻ ചെന്നത്. പ്രേതം ഇല്ല എന്ന് തെളിയിക്കാൻ അവിടെ രണ്ട് ദിവസം താമസിക്കണം അത്രേ. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് വന്ന അവൻ ഇപ്പൊൾ മൂന്ന് ഭാഷയിൽ ആണ് സംസാരിക്കുന്നത്.
28.
ഉറക്കത്തിൽ എന്തോ വല്ലാത്ത ഒരു അസ്വസ്ഥത തോന്നിയാണ് ഞാൻ എഴുന്നേറ്റത്. എഴുന്നേറ്റപ്പോൾ കട്ടിലിൽ ശരീരത്തിന് മുകളിലായി ഞാൻ അങ്ങനെ വായുവിൽ ഒഴുകി കിടക്കുകയാണ്. പതിയെ ഞാൻ തിരിഞ്ഞ് താഴേക്ക് നോക്കി, അതാ കട്ടിലിൽ എൻ്റെ ശരീരം കിടക്കുന്നു.
എന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത നിമിഷം അതാ എൻ്റെ ശരീരം എഴുന്നേൽക്കുന്നു. ഇപ്പോൾ എന്നെ മുകളിലേക്ക് എന്നെ നോക്കി ചിരിക്കുന്നു.
29.
നാല് ദിവസത്തെ ബിസിനസ്സ് ടൂർ കഴിഞ്ഞ് ഇന്ന് മടങ്ങി വരുന്ന എൻ്റെ ഭാര്യയെ ഒന്ന് പറ്റിക്കുന്നതിന് വേണ്ടി ദേഹം മുഴുവൻ രക്തനിറത്തിൽ കളർവെള്ളം ഒഴിച്ച് തറിയിൽ ഞാൻ അനങ്ങാതെ കിടന്നു. വീട് തുറന്ന് അകത്ത് കയറിയ അവൾ തറയിൽ കിടക്കുന്ന എന്നെ കണ്ട് പരിഭ്രാന്തയായി ഫോൺ എടുത്ത് ആരെയോ വിളിച്ചു ഉറക്കെ ചീത്ത പറഞ്ഞു; "കാര്യം കഴിയുമ്പോൾ ഇവിടെ വൃത്തി ആക്കി ഇടണം എന്ന് ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ?"
30.
ഞാൻ ശരീരത്ത് തൊടുന്ന ആളുകളുടെ എല്ലാം ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ മനസ്സിൽ കാണാനുള്ള ഒരു പ്രത്യേക മാനസ്സിക സിദ്ധിയുമായാണ് ഞാൻ ജനിച്ചത്. എന്നാല് മരിച്ച ആളുകളുടെയും ശരീരത്തിൽ തൊട്ടാൽ എനിക്കത് കാണാൻ കഴിയും എന്ന് ഞാൻ മനസ്സിലാക്കിയത് തൊട്ടപ്പുറത്തെ കിളവൻ കാരണവരുടെ ചായക്കടയിൽ നിന്ന് ഇറച്ചി സമൂസ ആദ്യമായി കഴിച്ച അന്നാണ്. ആർത്തിയോടെ ആ സമൂസയുടെ ആദ്യ കഷണം വായിൽ ആക്കിയപ്പോൾ എൻ്റെ കൺമുന്നിൽ തെളിഞ്ഞു വന്നു; ചിരിച്ച് കളിച്ച് ഉലസിച്ച് കൂട്ടുകാരോടൊപ്പം കളിക്കുന്ന ഒരു കുട്ടിയുടെ ചിത്രം.
31.
കൊല്ലം മൂന്നോ നാലോ ആയെന്നു തോന്നുന്നു അയാൾ എന്നെ തട്ടിക്കൊണ്ടുവന്നിട്ട്. ഒരു റേഡിയോയും സമയം അറിയുന്നതിന് വേണ്ടി ഒരു ചെറിയ വാച്ചും അല്ലാതെ, ഈ ഇരുട്ടു മുറിയിൽ മറ്റൊന്നും എനിക്കായി അയാൾ വിട്ട് തന്നിട്ടില്ല. തികഞ്ഞ മടുപ്പോടെ ഞാൻ റേഡിയോ ഓൺ ചെയ്തു. റേഡിയോയിലെ വാർത്തയിൽ അതാ പറയുന്നു, എൻ്റെ തട്ടി കൊണ്ട് പോയ ആളെ ഇന്നലെ വൈകിട്ട് പോലീസ് പിടിച്ചുവെന്ന്.
സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. എത്രയും പെട്ടെന്ന് എന്നെ പോലീസ് കണ്ടെത്തും എന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാല് അടുത്ത നിമിഷം ഞാൻ കേട്ടത് എൻറെ ശരീരത്തെ പൂർണ്ണമായും മരവിപ്പിച്ചു കളഞ്ഞു. ഒരു പറ്റം പത്രക്കാർക്ക് ഇടയിൽ നിന്ന് എന്നെ കണ്ടെത്തിയ പോലീസിന് നന്ദി പറഞ്ഞ് കൊണ്ടുള്ള എൻ്റെ തന്നെ ശബ്ദമായിരുന്നു ആ റേഡിയോയിലൂടെ ഞാൻ കേട്ടു കൊണ്ടിരുന്നത്.
32.
വർഷങ്ങളായി ഞങ്ങളിൽ നിന്ന് അകന്ന് ഒറ്റയ്ക്കായിരുന്നു അമ്മയുടെ താമസം. അമ്മയുടെ മരണ ശേഷം, അമ്മയുടെ ഓർമ്മയ്ക്കായി അമ്മ താമസിച്ചിരുന്ന വീട് എന്നൊന്നും വൃത്തിയായി സൂക്ഷിക്കാൻ ഞങ്ങൾ മക്കൾ തീരുമാനിച്ചു.
പൊടിയും മാറാലയും പിടിച്ചു കിടന്ന, നിരവധി മുറികൾ ഉണ്ടായിരുന്നു അവിടെ. വളരെ പണിപ്പെട്ട് അവിടം വൃത്തിയാക്കിയ ശേഷം ആ വീട് കത്തിച്ച് കളയാൻ ഞങൾ തീരുമാനിച്ചത്, അടച്ചിട്ട ഒരു മുറിയിൽ നിന്ന്, വർഷങ്ങൾക്ക് മുൻപ് ഓടിപോയി എന്ന് വിശ്വസിച്ച അച്ഛൻ്റെ ബാഗും സാധനങ്ങളും ഒപ്പം ഒരു അസ്ഥികൂടവും ലഭിച്ചപ്പോൾ ആണ്.
33.
പണി സ്ഥലത്ത് നിന്ന് ഏതാണ്ട് അരമണിക്കൂർ എടുക്കും എൻ്റെ വീട്ടിൽ എത്താൻ. നല്ല തണുപ്പുള്ള ഒരു ദിവസം ആയിരുന്നു അത്. റോഡിൽ നല്ല തിരക്കുണ്ട്. അത്യാവശ്യം കട്ടിയിൽ കോടമഞ്ഞ് ഉണ്ടായിരുന്നുവെങ്കിലും വഴിയും കാറും വ്യക്തമായി കാണാം ആയിരുന്നു.
ശേഷം ഒന്ന് കണ്ണ് ചിമ്മിയത് മാത്രമേ എനിക്ക് ഓർമയുള്ളൂ. കണ്ണ് തുറന്നപ്പോൾ എൻ്റെ ചുറ്റും ഉണ്ടായിരുന്ന കാറുകൾ കോടമഞ്ഞിൽ അലിഞ്ഞെന്ന പോലെ അപ്രത്യക്ഷമായി. ഏതാണ്ട് രണ്ട് മണിക്കൂർ ആയി ഞാൻ ഇപ്പൊൾ വണ്ടി ഓടിക്കുന്നു. വഴിയിൽ ഒരൊറ്റ വണ്ടി പോലും കാണുന്നില്ല. റോഡ് പോലും കാണാൻ ആകാത്ത വിധത്തിൽ മഞ്ഞിൻ്റെ കൂടി വരുന്നു.
34. എന്റെ ഭാര്യ വളരെ മനോഹരമായി പാടും. എപ്പോഴും എന്തെങ്കിലും ഒരു മൂളിപ്പാട്ട് അവളുടെ ചുണ്ടുകളില് ഉണ്ടാകും. അവളുടെ അത്തരം പാട്ടുകള് കേട്ടിരിക്കാൻ എനിക്ക് വല്യ ഇഷ്ടമാണ്.
ഇന്ന് രാവിലെയും പതിവ് പോലെ അടുക്കളയില് നിന്ന് അവളുടെ പാട്ട് ഞാന് കേട്ടു. പക്ഷേ പ്രശ്നം അതല്ല. എന്റെ ഭാര്യ ഇപ്പോഴും എന്റെ അടുത്ത് കട്ടിലിൽ കിടന്നുറങ്ങുകയാണ്.
35.
വീട്ടിലെ സെക്യൂരിറ്റി ക്യാമറയിലെ വീഡിയോകൾ കണ്ടു കൊണ്ടിരുന്നപ്പോൾ, അതിലെ ഒരു വീഡിയോയിൽ ഉറങ്ങികിടക്കുന്ന എന്നെ എന്റെ ഭാര്യ വന്ന് കത്തി കൊണ്ട് കുത്തുന്നത് ഞാന് കണ്ടു. എന്നെ ഞെട്ടിച്ചത് വീഡിയോയിലെ ഡേയ്റ്റ് കണ്ടപ്പോൾ ആണ്. അതിൽ നാളത്തെ ഡേയ്റ്റ്.
.png)
.png)






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ