മരണാനന്തരം ദൈവത്തെ കണ്ടപ്പോൾ (സയൻസ് ഫിക്ഷൻ)

The Egg ---- SUMMARY AND ANALYSIS | 

                                പ്രപഞ്ചം ഒരു മൊട്ടയാണ് |



 ഈ വല്ലിക്കാട്ട ലോകം സത്യത്തിൽ വെറുമൊരു മുട്ടയാണെന്നും, ഈ മുട്ടക്കുള്ളിൽ സത്യത്തിൽ നിങ്ങൾ ഒരാൾ മാത്രമേ ഉള്ളൂ എന്ന് നിങ്ങളോട് ആരെങ്കിലും  പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ റിയാക്ഷൻ

          ഈ മുട്ടക്കുള്ളിൽ ഇന്ന് വരെ ജീവിച്ച, ഇനി ജീവിക്കാൻ പോകുന്ന, ഇപ്പോള് ജീവിക്കുന്ന, എല്ലാവരും സത്യത്തിൽ നിങ്ങൾ ഒരാൾ മാത്രമാണ് എന്ന് പറഞ്ഞാലോ?

                    Andy Wier എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ്റെ തൂലികയിൽ വിരിഞ്ഞ അത്തരം ഒരു സയൻസ് ഫിക്ഷൻ ഭാവനയാണ് "The Egg" എന്ന ഷോർട്ട് സ്റ്റോറി. ലോകമെങ്ങും 30 ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട വളരെ പ്രശസ്തമായ ഒരു സയൻസ് ഫിക്ഷൻ ചെറുകഥയാണ് ഇത്.

         മരണ ശേഷം എന്ത് എന്നത് നമ്മെ എപ്പോഴും ചിന്തിപ്പിക്കുന്ന ഒന്നാണ്. പല
വിധത്തിലുള്ള ദൈവ സങ്കല്പങ്ങളും മരണാനന്തര സങ്കല്പങ്ങളും നമുക്കിടയിൽ ഉണ്ട്. 

       
              ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ച ചില വിശ്വാസങ്ങൾ എന്നല്ലാതെ യാതൊരു ധാരണകളും നമുക്ക് അതിനെ പറ്റി ഇല്ല താനും. അവ ശരിയാണോ? അല്ലയോ?  ഒന്നും നമുക്കറിയില്ല. 

48 വയസുള്ള ഒരു വ്യക്തിയുടെ മരണവും മരണാനന്തരം അയാള് കണ്ടുമുട്ടുന്ന ദൈവം എന്ന അവകാശപ്പെടുന്ന ഒരു അജ്ഞാത ശക്തിയിൽ നിന്നും ജീവിതത്തിൻറെ അർത്ഥം എന്ത് എന്ന് ആ വ്യക്തി മനസ്സിലാക്കുന്നതുമാണ് The Egg  എന്ന കഥയുടെ രത്ന ചുരുക്കം. 

എന്നെ വളരെ അധികം ഇരുത്തി ചിന്തിപ്പിച്ച, സ്വയം വാഗ്വാദങ്ങളും തർക്കങ്ങളും ആയി നിരവധി രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയ ഒരു കഥ. ഇത് വായിച്ച് കഴിഞ്ഞപ്പോൾ പൊളിഞ്ഞ എന്റെ വാ ഒന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ അടഞ്ഞത്. 


ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച് നമുക്കിടയില് ഭിന്നതകളുണ്ട്.

 അങ്ങനെയൊരാൾ ഇല്ലെന്ന് ചിലർ പറയുന്നു. അങ്ങനെ ഒരേ ഒരാളെ ഉള്ളൂ എന്ന് മറ്റ് ചിലര് പറയുന്നു. എന്നാല് നൂറു കണക്കിന് ദൈവങ്ങൾ ഉണ്ട് എന്ന് മറ്റ് ചിലർ പറയുന്നു,  ദൈവത്തിന് അനന്തമായ ശക്തിയുണ്ടെന്നും  അവന്/അവർ സർവവ്യാപിയാണെന്നും നാം വിശ്വസിച്ച് പോരുന്നു. 

ആ ദൈവത്തിന്റെ പ്രവര്ത്തികൾ ഒന്നാലോചിക്കുമ്പോൾ വളരെ വിചിത്രമായി  ആയി തോന്നുന്നു.

മനുഷ്യരുടെ ആത്മാവ് മരണാനന്തരം ദൈവത്തിൽ ലയിക്കുന്നു 
or 
മരണ ശേഷം മനുഷ്യർ പുനർജനിക്കുന്നു
or 
മരണശേഷം മനുഷ്യർ സ്വർഗത്തിലും നരകത്തിലും പോവുന്നു 

സത്യത്തിൽ എന്താണ് ദൈവം/ദൈവങ്ങൾ  ഉദ്ദേശിക്കുന്നത്? 

എന്തിനാണ് അവന്/അവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത്? (ആർക്കറിയാം🧐🧐)

 സ്വർഗ്ഗ-നരകങ്ങളുടെയോ പരലോകത്തിന്റെയോ അസ്തിത്വം നിഷേധിക്കുകയല്ല ഞാൻ. അവയുടെ ആവശ്യകത എന്താണ് ഞാൻ ചിന്തിക്കുന്നത്? നമ്മുടെ സൃഷ്ടിയുടെ പിന്നിൽ ദൈവമാണെങ്കിൽ? അത് എന്തിന് എന്നാണ് ചിന്തിക്കുന്നത് 

കഥയുടെ സംഗ്രഹം

"വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു നിങ്ങളുടെ മരണം." എന്ന് ആ അജ്ഞാത ശക്തി അയാളോട് പറഞ്ഞ് കൊണ്ടാണ് കഥ തുടങ്ങുന്നത്.


"അത് ഒരു കാർ ആക്സിഡൻറ് ആയിരുന്നു, അതിൽ നിൻറെ ശരീരം പൂർണ്ണമായും തകർന്നിരുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നുള്ള ഒരു വേദനയില്ലാത്ത മരണമായിരുന്നു നിന്റേത്. അങ്ങനെയാണ് നമ്മൾ തമ്മിൽ കണ്ടുമുട്ടിയത്," എന്ന് ആ ശക്തി അയാളോട് പറയുന്നു.

"തനിക്ക് എന്തുപറ്റി? താൻ എവിടെയാണ്?" എന്ന ചോദ്യത്തിന് പിന്നാലെ തൻറെ കാറിനു നേരെ നേരെ പാഞ്ഞു വന്ന ഒരു ലോറിയുടെ ചിത്രം പതിയെ അയാളുടെ തന്നെ മനസ്സിൽ തെളിഞ്ഞു വന്നു. 

ശേഷം അയാൾ അത് സ്വയം ഉറപ്പിച്ചു. "അതെ ഞാൻ മരിച്ചിരിക്കുന്നു."

"എല്ലാവരും ഒരു നാൾ മരിക്കും, സമാധാനമായിരിക്കൂ," എന്ന് മുന്നിലുള്ള ശക്തി അയാളോട് പറഞ്ഞു.

അയാൾ ചുറ്റും ഒന്ന് നോക്കി. എല്ലാം ശൂന്യമാണ്. 

അവിടെ ആ ശക്തിയും ആ മനുഷ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"ഇതാണോ മരണാനന്തര ജീവിതം? നിങ്ങളാണോ ദൈവം?" എന്നൊക്കെ മനുഷ്യൻ ആ ശക്തിയോട് ചോദിക്കുന്നു. 

"ആണെന്ന് വെച്ചോളൂ, അതെ," എന്നൊക്കെ ദൈവം എന്നവകാശപ്പെടുന്ന ആ ശക്തി മനുഷ്യനോട് മറുപടിയും പറഞ്ഞു. 

തൻറെ ഭാര്യയെയും കുട്ടികളെയും പറ്റി ആ മനുഷ്യൻ ആകുലത പ്രകടിപ്പിച്ചപ്പോൾ. ദൈവത്തിന് അത് ഒരല്പം ആശ്ചര്യംമായി തോന്നി.



"മരിച്ചതിനുശേഷവും  നിനക്ക് നിൻറെ ഭാര്യയെയും മക്കളെയും പറ്റിയാണല്ലോ ആകുലത. അത് കൊള്ളാം." എന്ന് ദൈവം അഭിപ്രായപ്പെടുന്നു. 

"അവർക്കൊരു കുഴപ്പവും ഉണ്ടാകില്ല," എന്ന് ദൈവം മനുഷ്യനെ ആശ്വസിപ്പിക്കുന്നു. ആ മനുഷ്യൻറെ മക്കൾ എല്ലാം തികഞ്ഞ ഒരു പിതാവിനെ ആയിരിക്കും എന്നെന്നും ഓർക്കുക, എന്ന് ദൈവം അയാളോട് പറയുന്നു. 

എന്നാൽ അയാളുടെയും അയാളുടെ ഭാര്യയുടെയും കുടുംബ ജീവിതം അത്രയ്ക്ക് സുഖകരമല്ലാതിരുന്നതിനാൽ അയാളുടെ ഭാര്യക്ക് അയാളുടെ മരണത്തിൽ ഒരല്പം ആശ്വാസം തോന്നുമെന്നും, അങ്ങനെ ആശ്വാസം തോന്നുന്നതിൽ, മനസ്സിൽ അവൾക്ക് കുറ്റബോധം തോന്നുമെന്നു കൂടി ദൈവം അയാളോട് പറയുന്നു. 



സത്യാവസ്ഥകളോട് പതിയെ പൊരുത്തപ്പെടുന്ന മനുഷ്യൻ, "ഞാനിനി നരകത്തിലേക്കാണോ സ്വർഗ്ഗത്തിലേക്കാണോ പോകുക," എന്ന് ദൈവത്തോട് ചോദിക്കുന്നു. 

അതിന്, "രണ്ടുമല്ല നീ പുനർജനിക്കുകയാണ് ചെയ്യുക," എന്ന് ദൈവം മറുപടി പറയുന്നു.

"അപ്പോൾ ഹിന്ദുക്കൾ ആയിരുന്നല്ലേ ശരി," എന്ന് മനുഷ്യൻ ആശ്ചര്യത്തോടെ ദൈവത്തോട് ചോദിക്കുന്നു. 

"എല്ലാ മതങ്ങളും അവരവരുടേതായ രീതിയിൽ ശരിയാണ്," എന്ന് പറയുന്ന ദൈവം പിന്നീട് മനുഷ്യനെയും കൂട്ടി ആ ശൂന്യതയിൽ നടക്കാൻ ആരംഭിക്കുന്നു. 

"പുനർജന്മം കൊണ്ട് എന്ത് പ്രയോജനം ആണുള്ളത്. അടുത്ത ജന്മത്തിൽ എൻറെ മുൻജന്മത്തിൽ സംഭവിച്ച യാതൊരു കാര്യങ്ങളും എനിക്ക് ഓർമ്മയുണ്ടാകില്ലല്ലോ. അതുകൊണ്ട് പുനർജന്മത്തിന് എന്ത് അർത്ഥമാണുള്ളത്," എന്ന് മനുഷ്യൻ അഭിപ്രായപ്പെടുന്നു.

"നിൻ്റെ മുൻ ജന്മത്തിൽ നീ നേടിയ ഒരറിവും നിനക്ക് നഷ്ടമാകുന്നില്ല, അതെല്ലാം നിൻ്റെ ഉള്ളിൽ തന്നെ ഉണ്ട്," എന്ന് പറയുന്ന ദൈവം, "കുറച്ചധിക സമയം നീ ഇവിടെ ചിലവഴിച്ചാൽ നിനക്ക് പതിയെ എല്ലാം ഓർമ്മ വരും," എന്ന് കൂടി പറയുന്നു. 

ശേഷം ആ മനുഷ്യനെ കൈകളിൽ എടുത്ത് കൊണ്ട് ദൈവം തുടർന്ന് പറഞ്ഞു: "നിൻ്റെ ആത്മാവ് എന്ന് പറയുന്നത് അതി ഗംഭീരവും മനോഹരവും ആയതാണ്. മനുഷ്യ മനസ്സിന് ഒരു ആത്മാവിൻറെ ചെറിയ ഒരു അംശം മാത്രമേ ഉൾക്കൊള്ളാൻ ആകൂ."


 "ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ചെറു വിരൽ മുക്കുന്നത് പോലെ ആണത്. നിൻ്റെ ആത്മാവിനെ ആ ഒരു മനുഷ്യ മനസ്സിൽ നിന്ന് പുറത്ത് എടുക്കുമ്പോൾ ആ ജന്മത്തിൽ നീ നേടിയ എല്ലാ അറിവും നിനക്ക് ലഭിക്കും."

"കഴിഞ്ഞ 48 വർഷം നീ വെറുമൊരു മനുഷ്യൻ മാത്രമായിരുന്നു. കുറച്ചതിക സമയമെടുക്കും നിൻ്റെ ബോധം പൂർണ്ണ അവസ്ഥയിൽ എത്താൻ. എന്നാല് ഓരോ ജന്മത്തിന് ശേഷവും അങ്ങനെ ചെയ്യേണ്ടതിൻ്റെ ആവശ്യം ഇല്ല," എന്ന് ദൈവം പറയുന്നു.

"അപ്പൊൾ ഇതിന് മുൻപ്  ഒരുപാട് തവണ ഞാൻ പുനർജനിചിട്ടുണ്ടോ," എന്ന് മനുഷ്യൻ ചോദിക്കുന്നു. 

"ഒരുപാടൊരുപാട് തവണ നീ പുനർജനിചിട്ടുണ്ട്, ഇനി നീ ജനിക്കാൻ പോകുന്നത് 540 AD യില് ചൈനയിലെ ഒരു കർഷക സ്ത്രീ ആയിട്ടാണ്," എന്ന് ദൈവം പറയുന്നു.

താൻ ഭൂത കാലത്തിലാണ് ഇനി ജനിക്കാൻ പോകുന്നത് എന്നത് മനുഷ്യന് ഒരു ഞെട്ടൽ ആയിരുന്നു. 

അതേ പറ്റി മനുഷ്യൻ ചോദിക്കുമ്പോൾ, "സമയം എന്നത് നിങ്ങളുടെ ലോകത്ത് മാത്രമേ ഉള്ളൂ, ഞങ്ങളുടെ ലോകത്ത് അങ്ങനെ ഒന്ന് ഇല്ല," എന്നാണ് ദൈവം പറഞ്ഞത്. 

"നിങ്ങളുടെ ലോകം ഏതാണ്," എന്ന് മനുഷ്യൻ ആശ്ചര്യത്തോടെ വീണ്ടും ചോദിക്കുന്നു.

"ഞങ്ങളുടെ ലോകം നിങ്ങളുടെതിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണ്. അവിടെ എന്നെ പോലെ വേറെയും ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ ആ ലോകത്തെ പറ്റി കൂടുതൽ പറയുന്നത് വെറുതെയാണ്, നിനക്കത് മനസ്സിലാക്കാൻ പ്രയാസം ആയിരിക്കും," എന്ന് ദൈവം വിശദീകരിക്കുന്നു.  

എന്നാല് മനുഷ്യന് സംശയങ്ങൾ തീരുന്നുണ്ടായിരുന്നില്ല. "ഇങ്ങനെ വ്യത്യസ്ത സമയങ്ങളിൽ പലയിടങ്ങളിലായി ഞാൻ ജനിക്കുമ്പോൾ എൻറെ ഒരു ജന്മം മറ്റൊരു ജന്മവുമായി കണ്ടുമുട്ടിയുണ്ടാവാനുള്ള സാധ്യത ഇല്ലേ?" എന്ന് അവൻ വീണ്ടും ചോദിക്കുന്നു.

"അങ്ങനെ സംഭവിക്കുക സ്വാഭാവികമാണ്. എപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്," എന്നായിരുന്നു ദൈവത്തിന് അതിനുള്ള മറുപടി.

"ഇതെല്ലാം കൊണ്ട് നീ എന്താണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ പല പല ജന്മങ്ങളുടെ അർത്ഥം എന്താണ്?"

"നീ എന്നോട് ചോദിക്കുന്നത് ജീവിതത്തിൻ്റെ അർത്ഥം എന്താണ് എന്നാണ്," എന്ന് ദൈവം പറയുമ്പോൾ. "അതൊരു ന്യായമായ ചോദ്യം അല്ലേ," എന്ന് മനുഷ്യൻ തിരിച്ചു ചോദിക്കുന്നു.

മനുഷ്യൻ വിടാൻ ഭാവമില്ല എന്ന് മനസ്സിലാക്കുന്ന ദൈവം, ഒടുവിൽ ഉത്തരം പറയുന്നു: "ഈ പ്രപഞ്ചം ഞാൻ ഉണ്ടാക്കിയതും ഈ നിരവധി നിരവധി ജന്മങ്ങളിലൂടെ നിന്നെ ഞാൻ പഠിപ്പിക്കാൻ ശ്രമിക്കുന്നതും നീ പൂർണ്ണനാകുന്നതിനു വേണ്ടിയാണ്, നിനക്ക് പക്വത വരുന്നതിനു വേണ്ടിയാണ്." 

"ഞങ്ങൾ മനുഷ്യർക്ക് വേണ്ടിയോ?" എന്നുള്ള മനുഷ്യൻറെ സംശയത്തിന്, ദൈവം ഒന്നുകൂടി ഊന്നി പറയുന്നു: "അല്ല നിനക്കുവേണ്ടി മാത്രം. ഈ പ്രപഞ്ചം മുഴുവൻ ഞാൻ ഉണ്ടാക്കിയത് നിനക്ക് വേണ്ടിയാണ്." ദൈവം ഒന്നുകൂടി എടുത്തു പറയുന്നു. "നിനക്കു വേണ്ടി മാത്രം."

"അപ്പോൾ ഭൂമിയിലെ മറ്റുള്ളവരോ?" മനുഷ്യൻ ചോദിച്ചു.

അതിന് ദൈവത്തിൻറെ മറുപടി, മനുഷ്യൻറെ തല ആവിയാക്കുന്നതായിരുന്നു. "ഈ പ്രപഞ്ചത്തിൽ വേറെ ആരുമില്ല നീയും ഞാനും മാത്രമേയുള്ളൂ," എന്നായിരുന്നു ആ മറുപടി. 


"ഭൂമിയിൽ ഇന്ന് വരെ ജനിച്ച, ഇപ്പോൾ ജീവിക്കുന്ന, ഇനി ജനിക്കാൻ പോകുന്ന, എല്ലാ മനുഷ്യരും നീയാണ്. പല പല കാലങ്ങളിൽ പല പല സ്ഥലങ്ങളിൽ ജനിച്ച നീ. നീ ഒരാള് മാത്രം."


കിളി മുഴുവൻ പറന്ന് നിക്കുന്ന മനുഷ്യൻ, പിന്നെയും പിന്നെയും ചോദിക്കുന്നു

"അപ്പോള് ഞാനായിരുന്നോ ഹിറ്റ്‌ലർ?"

"ഹിറ്റ്ലർ കൊന്നുതള്ളിയ നിരപരാധികൾ ആയ ലക്ഷക്കണക്കിന് മനുഷ്യരും നീ തന്നെയായിരുന്നു."

ഞാനായിരുന്നോ ജീസസ്?"

"ജീസസിനെ  കുരിശിൽ ഏറ്റിയവരും നീ തന്നെ ആയിരുന്നു."

ഞാനായിരുന്നോ ബുദ്ധൻ?"

"ബുദ്ധനെ പിന്തുടർന്ന അദ്ദേഹത്തിൻറെ ശിഷ്യന്മാരും നീ തന്നെയായിരുന്നു."

ദൈവം തുടരുന്നു: "നീ എപ്പോഴെല്ലാം ഒരുവനെ ദ്രോഹിച്ചുവോ അപ്പോഴെല്ലാം നീ ദ്രോഹിച്ചത് സത്യത്തില് നിന്നെ തന്നെ ആയിരുന്നു. എപ്പോഴെല്ലാം നീ കാരണം ഒരുവന് സന്തോഷിച്ചുവോ, അപ്പോഴെല്ലാം നീ നിന്റെ തന്നെ സന്തോഷത്തിനാണ് കാരണമായത്. ഇനി ഭാവിയിൽ ഏതെല്ലാം മനുഷ്യർ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നുവോ അതെല്ലാം നീ അനുഭവിക്കുകയും ചെയ്യും."

കിളിയെല്ലാം പറന്ന് ഒഴിഞ്ഞ തലയുമായി നിൽക്കുന്ന മനുഷ്യൻ പിന്നെയും ചോദിക്കുന്നു: "എന്തിന്??? എന്തിന് വേണ്ടിയാണ് ഇതെല്ലാം?"

അതിനുള്ള ദൈവത്തിൻ്റെ മറുപടി അതിലേറെ ആശ്ചര്യം നിറഞ്ഞതായിരുന്നു; "കാരണം നീ എൻ്റെ കുട്ടിയാണ്. നീ ഞങ്ങളിൽ ഒരുവനാണ്."

അതെ മനുഷ്യൻ മറ്റൊരു ദൈവമാണ്. 

ഇപ്പൊൾ മനുഷ്യൻ ജനിച്ചിട്ടില്ലത്രെ. ഭൂമിയിലെ എല്ലാ ജന്മങ്ങളും കഴിഞ്ഞ് എല്ലാ അർത്ഥത്തിലും പൂർണ്ണമായതിന് ശേഷം മാത്രം  ഈ പ്രപഞ്ചത്തിൽ നിന്ന് അവനെ ദൈവം പുറത്തെടുക്കും. അപ്പോള് മാത്രമാണ് അവൻ ജനിക്കുക. അത് വരെ ദൈവം മനുഷ്യനെ പ്രപഞ്ചം എന്ന മുട്ടക്കകത്ത് വളരാൻ വിടും. 

ഇത്രയും വിശദീകരിച്ച ശേഷം ദൈവം മനുഷ്യനെ അടുത്ത ജന്മത്തിലേക്ക് പറഞ്ഞു വിട്ടു. 

 **********

Kurzgesagt എന്ന യൂട്യൂബ് ചാനൽ ഇതിനെ ആസ്പദമാക്കി വളരെ മനോഹരമായ ഒരു 
അനിമേഷൻ വീഡിയോ ചെയ്തിട്ടുണ്ട്. വേണമെങ്കിൽ കണ്ടോളൂ










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വ്യത്യസ്തമാർന്ന ഭീകര കഥകൾ..... (ഹൊറർ)

മനുഷ്യന്റെ ഭാവിയിലേക്ക് ---- ഒടുവിലത്തെ ചോദ്യം (സയൻസ് ഫിക്ഷൻ)

എന്നെക്കുറിച്ച് ..

ഒന്നോ രണ്ടോ വരിയിൽ തീർത്ത ഹൊറർ കഥകൾ